| Monday, 22nd July 2024, 1:07 pm

അവനുമായുള്ള ബന്ധം എങ്ങനെയാണെന്ന് എനിക്ക് പൊതുജനങ്ങളെ കാണിക്കേണ്ട ആവശ്യമില്ല: ഗംഭീർ

സ്പോര്‍ട്സ് ഡെസ്‌ക്

ഗൗതം ഗംഭീറിന്റെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള പര്യടനത്തിനുള്ള അവസാന ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സെപ്റ്റംബര്‍ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെ ശ്രീലങ്കയിലാണ് പരമ്പര ഷെഡൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ഗംഭീറിന്റെ കീഴില്‍ കളിക്കുക.

ഇപ്പോഴിതാ സൂപ്പര്‍താരം വിരാട് കോഹ്‌ലിയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗംഭീര്‍. ശ്രീലങ്കക്കെതിരെയുള്ള പരമ്പരയ്ക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പരിശീലകന്‍. കോഹ്‌ലിയുമായുള്ള തന്റെ ബന്ധം പൊതുജനങ്ങളെ കാണിക്കാൻ വേണ്ടിയുള്ളതല്ലെന്നാണ് ഗംഭീര്‍ പറഞ്ഞത്.

‘വിരാട് കോഹ്‌ലിയുമായുള്ള ബന്ധം ഞങ്ങള്‍ രണ്ടുപേരും തമ്മിലുള്ളതാണ്, ഇത് പൊതുജനങ്ങളെ കാണിക്കാൻ വേണ്ടിയുള്ളതല്ല. ഇപ്പോള്‍ ഞങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. 140 കോടി ജനങ്ങളെയാണ് ഞങ്ങള്‍ പ്രതിനിധീകരിക്കുന്നത്. കളിക്കളത്തിന് പുറത്ത് എനിക്ക് വിരാടുമായി മികച്ച ബന്ധമാണുള്ളത്. പക്ഷേ അത് പൊതുജനങ്ങള്‍ക്കുള്ളതല്ല. ഞാന്‍ അദ്ദേഹവുമായി എത്ര തവണ ചാറ്റ് ചെയ്തു എന്നതല്ല പ്രധാനം. ലോകത്തിലെ മികച്ച താരമാണ്. ഇതേ പ്രകടനം തന്നെ ഇനിയും അവരില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,’ ഗംഭീര്‍ പറഞ്ഞു.

രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ഗംഭീറിനെ ഇന്ത്യയുടെ പരിശീലകനായി നിയമിച്ചതിനുശേഷം ഗംഭീറും കോഹ്‌ലിയും എങ്ങനെ ടീമിന്റെ ഡ്രസിങ് റൂമില്‍ പ്രവര്‍ത്തിക്കും എന്നതിനെ ധാരാളം ചര്‍ച്ചകള്‍ നിലനിന്നിരുന്നു.

ഇതിനുമുമ്പ് ഗ്രൗണ്ടില്‍ പല സമയങ്ങളിലും ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ സംഭവവികാസങ്ങള്‍ക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2023ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരത്തില്‍ ഇരുവരും തമ്മില്‍ മൈതാനത്ത് വാക്കേറ്റം നടന്നിരുന്നു. ഇതിനുമുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള മത്സരത്തിലും ഇരുവരും ഏറ്റുമുട്ടിയിരുന്നു.

അതേസമയം ടി-20 ലോകകപ്പ് വിജയത്തിന് ശേഷം വിരാട് ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം നടന്ന സിംബാബ്‌വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ കോഹ്‌ലിയടക്കമുള്ള പ്രധാന താരങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിശ്രമം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ ഒരുപിടി യുവനിരയുമായാണ് ഇന്ത്യന്‍ ടീം ഈ പരമ്പര പൂര്‍ത്തിയാക്കിയത്.

Content Highlight: Gautham Gambhir Talkes About Virat Kohli

We use cookies to give you the best possible experience. Learn more