ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ മികച്ച ക്യാപ്റ്റന്‍മാരായിരുന്നു എം.എസ് ധോണിയും രോഹിത് ശര്‍മയും. അവര്‍ക്കൊപ്പം തന്നെ കഴിവ് തെളിയിച്ച നായകനാണ് ഗൗതം ഗംഭീര്‍. 2012ലും 2014ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്കെത്തിച്ച ഗംഭീര്‍ ഐ.പി.എല്ലില്‍ മികച്ച റെക്കോഡുള്ള നായകന്മാരിലൊരാളാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പല നായകന്‍മാരും ഭയന്ന ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.
ഐ.പി.എല്ലിന്റെ 16ാമത് എഡിഷന്‍ ആവേശകരമായി മുന്നേറുമ്പോള്‍ ഗംഭീര്‍ തന്റെ പേടി സ്വപ്‌നമായിരുന്ന താരത്തെ കുറിച്ച് പറഞ്ഞ വാചകങ്ങള്‍ തരംഗമാവുകയാണ്. വിരാടും ധോണിയുമായിരുന്നില്ല അപകടകാരികള്‍ എന്നും രോഹിത് ശര്‍മയാണ് തന്റെ പേടിസ്വപ്‌നമായിരുന്ന താരമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ചിരുന്നപ്പോള്‍ എന്റെ ഉറക്കം കെടുത്തിയ ഏക നായകന്‍ രോഹിത് ശര്‍മയാണ്. മറ്റൊരു നായകന്മാര്‍ക്കെതിരേയും ഞാന്‍ പദ്ധതികള്‍ തയ്യാറാക്കുകയോ അധികം ചിന്തിക്കുകയോ ചെയ്യാറില്ല,’ ഗംഭീര്‍ പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിന്റെ നായകനായി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കെത്തിയ താരമാണ് രോഹിത്. മുംബൈയെ അഞ്ച് തവണ കിരീടം ചൂടിക്കാന്‍ രോഹിത്തിനായി. ഐ.പി.എല്‍ നായകന്മാരില്‍ കൂടുതല്‍ കിരീടം നേടിയ നായകനും രോഹിത് ശര്‍മയാണ്.
കഴിഞ്ഞ സീസണുകളില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയുടെ നിലവാരം താഴേക്ക് പോയിട്ടുണ്ടെങ്കിലും 2021ല്‍ 1000 റണ്‍സ് തികച്ച ഏക താരം രോഹിത് ശര്‍മയാണ്. 2007ല്‍ ഇന്ത്യ ടി-20 ലോകകപ്പ് നേടിയപ്പോഴും 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോഴും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളുമായി ഇന്ത്യയുടെ നട്ടെല്ലായി മാറാന്‍ ഗംഭീറിന് സാധിച്ചിരുന്നു. എന്നാല്‍ അര്‍ഹിച്ച അംഗീകാരം തനിക്ക് ലഭിക്കാത്തതിനെതിരായ അതൃപ്തി പല തവണ അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്.
അതേസമയം, ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 6,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് അദ്ദേഹം. ഐ.പി.എല്‍ 2023ലെ 25ാം മത്സരത്തിലാണ് രോഹിത് ശര്‍മ ഈ നേട്ടത്തിലെത്തിയത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന് മുമ്പ് 5,986 റണ്‍സായിരുന്നു താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഈ റെക്കോഡ് സ്വന്തമാക്കാന്‍ ഈ മത്സരത്തില്‍ വെറും 14 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്താല്‍ സാധിക്കുമെന്നിരിക്കെ 28 റണ്‍സാണ് രോഹിത് നേടിയത്.
18 പന്തില്‍ നിന്നും ആറ് ബൗണ്ടറിയടിച്ചാണ് ഹിറ്റ്മാന്‍ 28 റണ്‍സ് നേടിയത്. മൂന്നാം ഓവറില്‍ വാഷിങ്ടണ്‍ സുന്ദറിനെതിരെ തുടര്‍ച്ചയായ മൂന്ന് ബൗണ്ടറികള്‍ നേടിക്കൊണ്ടാണ് താരം റെക്കോഡിലേക്ക് നടന്നുകയറിലത്.
തന്റെ 232ാം മത്സരത്തിലാണ് താരം 6,000 റണ്‍സ് എന്ന മാജിക്കല്‍ നമ്പറിലേക്കെത്തിയത്. നിലവില്‍ 232 മത്സരത്തിലെ 227 ഇന്നിങ്സുകളില്‍ നിന്നുമായി 6014 റണ്‍സാണ് രോഹിത് ശര്‍മയുടെ പേരിലുള്ളത്. ഒരു സെഞ്ച്വറിയും 41 അര്‍ധ സെഞ്ച്വറിയുമാണ് രോഹിത്തിന്റെ ഐ.പി.എല്‍ കരിയറിലുള്ളത്. 535 ബൗണ്ടറികളും 247 സിക്സറുകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.