ഏഷ്യാ കപ്പില്‍ കോഹ്ലി കാഴ്ചവെച്ച മിന്നും പ്രകടനം കഴിഞ്ഞ കുറച്ചുകാലമായി താരത്തെ പരിഹസിച്ചവര്‍ക്കുള്ള മധുര പ്രതികാരമായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ സൂപ്പര്‍ ഫോറില്‍ പുറത്തായെങ്കിലും 276 റണ്‍സോടെ സെഞ്ച്വറി നേടിയ കോഹ്ലിയെ പ്രശംസിച്ച് ധാരാളം ആളുകള്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ടി-20 ലോകകപ്പിലേക്കുള്ള 15 അംഗ സ്‌ക്വാഡിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പില്‍ നിന്ന് വലിയ മാറ്റമൊന്നുമില്ലാതെയാണ് ടീമിന്റെ സജ്ജീകരണം. ബൗളിങ് നിരയിലേക്ക് ജസ്പ്രീത് ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും മടങ്ങിവരവും രവീന്ദ്ര ജഡേജ പരിക്ക് കാരണം പുറത്തായതുമാണ് എടുത്തു പറയാവുന്ന മാറ്റങ്ങള്‍.
നിലവില്‍ മൂന്നാം നമ്പറിലാണ് കോഹ്‌ലി ഇന്ത്യക്കായി ബാറ്റ് ചെയ്യുന്നത്. എന്നാല്‍ ഓപ്പണിങ്ങില്‍ കെ.എല്‍. രാഹുല്‍-രോഹിത് ശര്‍മ കൂട്ടുകെട്ട് ക്ലിക്കാവുന്നില്ലെന്നും രാഹുല്‍ മോശം ഫോമില്‍ തുടരുമ്പോള്‍ രോഹിത്തിനും സ്ഥിരതയില്ലാതാവുകയുമാണെന്നുള്ള ചര്‍ച്ചകള്‍ പ്രചരിച്ചിരുന്നു. ഏഷ്യാ കപ്പില്‍ കോഹ്ലി ഓപ്പണിങ് ഇറങ്ങി സെഞ്ച്വറി പ്രകടനം നടത്തിയതോടെ കോഹ്‌ലിയെ ഇന്ത്യ ടി-20യില്‍ ഓപ്പണറാക്കണമെന്ന അഭിപ്രായം ശക്തമായി ഉയര്‍ന്നുവരികയായിരുന്നു.
‘കോഹ്ലിയെ ഓപ്പണറാക്കുത് സംബന്ധിച്ച് മണ്ടത്തരങ്ങള്‍ പറയാതിരിക്കൂ. രോഹിത് ശര്‍മയും കെ.എല്‍. രാഹുലും അവിടെ ഉള്ളപ്പോള്‍ കോഹ്ലിക്ക് ഓപ്പണറാവാന്‍ സാധിക്കില്ല. അതിലൊരു തര്‍ക്കവുമില്ല. കോഹ്ലിക്ക് മൂന്നാം നമ്പര്‍ ബാറ്റിങ് ആണ് ചേരുന്നത്. 10 ഓവറെങ്കിലും ബാറ്റ് ചെയ്താല്‍ മൂന്നാമനായി സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാം. നേരത്തെ വിക്കറ്റ് നഷ്ടമായാല്‍ കോഹ്ലിയെയാണ് ആവശ്യം’-ഗംഭീര്‍ പറഞ്ഞു.
മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് കോഹ്ലി. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയില്‍ കോഹ്ലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാവും. ഓസ്‌ട്രേലിയക്കെതിരെ 18 ടി-20 മത്സരം കളിച്ചിട്ടുള്ള കോഹ്ലി 718 റണ്‍സാണ് നേടിയിട്ടുള്ളത്. 59.83 ശരാശരിയും 146.23 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. ഏഴ് അര്‍ധ സെഞ്ച്വറി നേടിയ കോഹ്ലിയുടെ ഉയര്‍ന്ന സ്‌കോര്‍ 90 റണ്‍സാണ്.
ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരെയുള്ള ടി-20 പരമ്പര 20ന് ആരംഭിക്കും. ഇത്തവണത്തെ ടി-20 ലോകകപ്പിന് ഓസ്ട്രേലിയയാണ് വേദി. അതിനാല്‍ ഓസീസിനെതിരായ പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. ഇന്ത്യ ഇതിനോടകം ടി-20 ലോകകപ്പിനായുള്ള ടീമിനെയും പ്രഖ്യാപിച്ച് കഴിഞ്ഞു.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍.രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്ക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഇന്ത്യന്‍ ടീമിലുള്ളത്.