രോഹിത് ശര്‍മ ഇന്നുകാണുന്ന രോഹിത് ശര്‍മയാകാന്‍ കാരണം അയാള്‍ മാത്രം: ഗംഭീര്‍
രോഹിത് ശര്‍മയുടെ വിജയങ്ങള്‍ക്ക് കാരണം മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയാണെന്ന് ഗൗതം ഗംഭീര്‍. കരിയറിന്റെ തുടക്കകാലത്ത് താളം കണ്ടെത്താനാകാതെ വലഞ്ഞ രോഹിത് ശര്‍മയെ എം.എസ്. ധോണി തുടര്‍ച്ചയായി പിന്തുണച്ചിരുന്നുവെന്നും അതാണ് രോഹത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിക്കാന്‍ കാരണമായതെന്നും ഗംഭീര്‍ പറഞ്ഞു.
ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.
‘രോഹിത് ശര്‍മ ഇന്ന് കാണുന്ന രോഹിത് ശര്‍മയായതിന് കാരണം എം.എസ്. ധോണിയാണ്. കരിയറിന്റെ തുടക്കകാലങ്ങളില്‍ അവന്‍ താളം കണ്ടെത്താന്‍ സാധിക്കാതെ വിഷമിച്ചപ്പോള്‍ എം.എസ്. അവനെ തുടര്‍ച്ചയായി പിന്തുണച്ചിരുന്നു,’ ഗംഭീര്‍ പറഞ്ഞു.
കരിയറിന്റെ ആദ്യ കാലങ്ങളില്‍ മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്തിരുന്ന രോഹിത് ശര്‍മക്ക് കാര്യമായ ചലനങ്ങലൊന്നും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2013ല്‍ രോഹിത് ശര്‍മയെ ഓപ്പണറാക്കാനുള്ള ധോണിയുടെ ധീരമായ തീരുമാനമാണ് താരത്തിന്റെ കരിയര്‍ പൂര്‍ണമായും മാറ്റി മറിച്ചത്. അതുവരെ ഒന്നും അല്ലാതിരുന്ന രോഹിത് ഹിറ്റ്മാനായത് ആ നിമിഷം മുതല്‍ക്കായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ രോഹിത് ഏകദിനത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത് താരം എന്ന റെക്കോഡ് നേടിയാണ് രോഹിത് 10K ക്ലബ്ബില്‍ ഇടം നേടിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡ് മറികടന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.
വേഗത്തില്‍ 2,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ അവസാന നാലിലായിരുന്നു രോഹത്തുണ്ടായിരുന്നത്. അവിടെ നിന്നും വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത് താരം എന്ന നേട്ടത്തിലേക്ക് രോഹിത് എത്താനുള്ള പ്രധാന കാരണവും ധോണിയാണ്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കാസുന്‍ രജിതയെ സിക്‌സറിന് പറത്തിയാണ് രോഹിത് ശര്‍മ 10,000 റണ്‍സ് പൂര്‍ത്തിയാക്കിയത്. തന്റെ 241ാമത് ഇന്നിങ്‌സിലാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്.
ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍ (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍)
വിരാട് കോഹ്‌ലി (ഇന്ത്യ) – 205
രോഹിത് ശര്‍മ (ഇന്ത്യ) – 241
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 259
സൗരവ് ഗാംഗുലി (ഇന്ത്യ) – 263
റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) – 266
അതേസമയം, കഴിഞ്ഞ മത്സരത്തില്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. രോഹിത്തിന്റ ഫിഫ്റ്റിയുടെ കരുത്തില്‍ ഇന്ത്യ ശ്രീലങ്കയെ 41 റണ്‍സിന് പരാജയപ്പെടുത്തുകയും ഏഷ്യാ കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.
2018ല്‍ രോഹിത്തിന് കീഴില്‍ നേടിയ ഏഷ്യാ കപ്പ് ട്രോഫി ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ മണ്ണിലെത്തിക്കാനാണ് മെന്‍ ഇന്‍ ബ്ലൂ ഒരുങ്ങുന്നത്.
Content highlight: Gautham Gambhir says MS Dhoni is the reason behind Rohit Sharma’s success