|

അവൻ ലോകത്തിലെ ഏറ്റവും മികച്ച താരമാവാൻ എപ്പോഴും ആഗ്രഹിക്കുന്നു: ഗംഭീർ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ ആരംഭിക്കാന്‍ ഇനി ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. ബംഗ്ലാദേശിനെ സ്വന്തം മണ്ണില്‍ നേരിടാനുള്ള അവസാന ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പാകിസ്ഥാനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയ ആത്മവിശ്വാസവുമായിട്ടാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നത്.

എന്നാല്‍ അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ലങ്കന്‍ മണ്ണിലേറ്റ തിരിച്ചടികളില്‍ നിന്നും കരകയറാനായിരിക്കും ഇന്ത്യ സ്വന്തം മണ്ണില്‍ ലക്ഷ്യം വെക്കുക.

ഇപ്പോള്‍ ഈ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ചു മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. വിരാടിന്റെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളെ കുറിച്ചായിരുന്നു ഗംഭീര്‍ സംസാരിച്ചത്. ജിയോ സിനിമയിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ഞാന്‍ കോഹ്‌ലിയില്‍ കണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച താരം ആവാനുള്ള അതിയായ ആഗ്രഹം അവനുണ്ട് എന്നതാണ്. ജിമ്മിലോ നെറ്റ്‌സിലോ അവന്‍ പരിശീലിക്കുന്ന രീതികള്‍ ഒരു പ്രൊഫഷണല്‍ അത്‌ലറ്റിനെ പോലെയാണ്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ ഇങ്ങനെയാണ് പരിശീലിക്കുക. ഇന്ത്യയുടെ അടുത്ത പത്ത് ടെസ്റ്റ് മത്സരങ്ങളില്‍ വിരാട് മികച്ചത് നല്‍കുമെന്ന് ഞാന്‍ കരുതുന്നു. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയ്ക്കായി അദ്ദേഹത്തിന്റെ ഈ പരിശീലന രീതിയാണ് വളരെ പ്രധാനമായത്,’ ഗൗതം ഗംഭീര്‍ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ മികച്ച ബാറ്റിങ് റെക്കോഡാണ് വിരട്ടിനുള്ളത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ആറ് മത്സരങ്ങളില്‍ നിന്നും 54.62 എന്ന മികച്ച ആവറേജില്‍ 437 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്.

2017ൽ ഹൈദരാബാദിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയായിരുന്നു വിരാട് കരുത്തുകാട്ടിയത്. താരത്തിന്റെ ഈ മിന്നും പ്രകടനങ്ങള്‍ ബംഗ്ലാദേശിനെതിരെയും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

Content Highlight: Gautham Gambhir Praises Virat Kohli

Video Stories