Sports News
അവന് വെറും 25 വയസ് മാത്രമാണുള്ളത്, ഒരു പ്രകടനത്തെ മാത്രം മുന്‍ നിര്‍ത്തി തീരുമാനമെടുക്കാന്‍ കഴിയില്ല: ഗൗതം ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 14, 06:05 am
Friday, 14th February 2025, 11:35 am

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കൊരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0നാണ് ഇന്ത്യ വിജയിച്ചത്. അഹമ്മദാബാദില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 142 റണ്‍സിനായിരുന്നു രോഹിത്തിന്റെയും സംഘത്തിന്റെയും വിജയം.

ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 214ന് പുറത്താവുകയായിരുന്നു. സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

102 പന്ത് നേരിട്ട താരം 112 റണ്‍സ് നേടി പുറത്തായി. കരിയറിലെ 50ാം ഏകദിന മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാനും പരമ്പരയിലെ താരമകാനും ഗില്ലിന് സാധിച്ചിരുന്നു. കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും താരം മികവ് പുലര്‍ത്തിയെങ്കിലും വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു.

ഇപ്പോള്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും കൂടെയായ ഗില്ലിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഗില്ലിന് 25 വയസ് മാത്രമാണ് പ്രായമെന്നും മികച്ച ഭാവിയുള്ള താരമാണ് ഗില്ലെന്നും ഗംഭീര്‍ പറഞ്ഞു. മാത്രമല്ല എല്ലാ ഫോര്‍മാറ്റിലും മികവ് തെളിയിക്കാന്‍ ഗില്ലിന് സാധിച്ചെന്നും ഗംഭീര്‍ പറഞ്ഞു.

‘ഓരോ ഇന്നിങ്സിനു ശേഷവും കളിക്കാരെ വളരെ വേഗത്തില്‍ വിലയിരുത്താന്‍ നമ്മള്‍ പ്രവണത കാണിക്കുന്നു, പക്ഷെ ഗില്ലിന് 25 വയസ് മാത്രമേ ഉള്ളൂ എന്ന് ഓര്‍മിക്കേണ്ടത് പ്രധാനമാണ്. അവന്‍ ഒരു യുവ ബാറ്ററാണ്, അവന് മികച്ച ഒരു ഭാവിയുണ്ട്.

50 ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരത കാണിച്ചിട്ടുണ്ടെങ്കില്‍, അത് അവന് ടെസ്റ്റ് ക്രിക്കറ്റിലും കഴിവുണ്ടെന്നതിന്റെ സൂചനയാണത്. ടെസ്റ്റ് ക്രിക്കറ്റ് ഒരു കടുത്ത വെല്ലുവിളിയാണ്. ആ തലത്തിലും ഗില്‍ കഴിവുള്ളവനാണെന്ന് തെളിയിച്ചിട്ടുണ്ട്. തുടര്‍ന്നും അവന്‍ ആ ഫോര്‍മാറ്റില്‍ വളരുകയും മുന്നോട്ട് പോകുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഒരൊറ്റ പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കി നമുക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്നോട്ടുള്ള വഴി അതല്ല. നമ്മുടെ യുവ കളിക്കാരെ വിശ്വസിക്കേണ്ട സമയമാണിത്. അവന് വെറും 25 വയസ് മാത്രമാണ്, അവനെയും ടീമിലെ മറ്റുള്ളവരെയും നമ്മള്‍ പിന്തുണച്ചാല്‍ അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ അവന്റെ സാധ്യതകള്‍ സങ്കല്‍പ്പിക്കുക,’ ഗംഭീര്‍ പറഞ്ഞു.

 

Content Highlight: Gautham Gambhir Praises Sgubhman Gill