| Wednesday, 1st January 2025, 1:38 pm

അവന്‍ വരണം, നിങ്ങളേക്കൊണ്ടൊന്നും ഒരു ഗുണവുമില്ല; പരാജയത്തിന് ശേഷം താരങ്ങളോട് ദേഷ്യപ്പെട്ട് ഗംഭീര്‍; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ 184 റണ്‍സിനാണ് കങ്കാരുക്കള്‍ വിജയം സ്വന്തമാക്കിയത്. ഓസീസ് ഉയര്‍ത്തിയ 340 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ സാധിക്കാതെ ഓള്‍ ഔട്ടില്‍ കുരുങ്ങുകയായിരുന്നു ഇന്ത്യ. ഇതോടെ 2-1ന് ഓസീസാണ് പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്നത്.

സ്‌കോര്‍
ഓസ്‌ട്രേലിയ: 474 & 234

ഇന്ത്യ: 369 & 155 (T: 340)

ഇതോടെ ഇന്ത്യന്‍ ടീമില്‍ ചില പൊട്ടിത്തെറികള്‍ നടന്നെന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. മെല്‍ബണിലെ പരാജയത്തിന് ശേഷം ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍ ഡ്രസ്സിങ് റൂമിലെത്തി താരങ്ങളോട് ദേഷ്യപ്പെട്ടെന്നാണ് പല റിപ്പോര്‍ട്ടുകളും. ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും റിഷബ് പന്തും മോശം പ്രകടനം നടത്തിയതിനെക്കുറിച്ചും ഗംഭീര്‍ സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാരയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ഗംഭീര്‍ ബോര്‍ഡിനോട് പറഞ്ഞിരുന്നു. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി ഗംഭീറിന്റെ ആവശ്യം തള്ളുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ റെഡ് ബോള്‍ സൂപ്പര്‍ താരമാണ് പൂജാര.

ഇന്ത്യയ്ക്ക് വേണ്ടി 103 ടെസ്റ്റിലെ 176 ഇന്നിങ്‌സില്‍ നിന്ന് 7195 റണ്‍സാണ് പൂജാര നേടിയത്. 206 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 19 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും അടക്കമാണ് താരം ഫോര്‍മാറ്റില്‍ മികവ് പുലര്‍ത്തിയത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും താരത്തെ 2024-25 ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഉള്‍പ്പെടുത്തിയില്ലായിരുന്നു.

കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനം കാഴ്ചവെച്ച പൂജാര ഓസീസ് ബൗളര്‍മാരെ ഏറെ കുഴക്കിയിരുന്നു. റെഡ് ബോളില്‍ ഇന്ത്യയുടെ മോശം പ്രകടനം ക്രിക്കറ്റ് ലോകത്ത് വലിയ രീതിയില്‍ ചര്‍ച്ചചെയ്യുമ്പോള്‍ ഗംഭീറിന്റെ പരിശീലന സ്ഥാനവും തുലാസിലാണ്.

Content Highlight: Gautham Gambhir Criticize Indian Players, Report

We use cookies to give you the best possible experience. Learn more