ഇന്ത്യ ഒരു ദശാബ്ദത്തിലേറെയായി ഐ.സി.സി ട്രോഫികളൊന്നും നേടാത്തതിന് പിന്നില്‍ വ്യക്തികളോടുള്ള അമിതമായ അഭിനിവേശമാണെന്ന വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെയാണ് ഗംഭീറിന്റെ ഈ പരാമര്‍ശം.
ഒരുപാട് ആളുകളൊന്നും ഇത് തുറന്ന് പറയില്ലെന്നും പക്ഷേ ഇതാണ് സത്യമെന്നും ഗംഭീര്‍ പറഞ്ഞു. ‘ഇത് ലോകത്തിന് മുന്നില്‍ വരേണ്ടതായതിനാല്‍ ഇപ്പോള്‍ പറയണമെന്ന് ഞാന്‍ കരുതുന്നു.
നമ്മുടെ രാജ്യം ഒരു ടീം സ്പിരിറ്റുള്ള രാജ്യമല്ല, മറിച്ച് ഒരു വ്യക്തി ആരാധന കൂടുതലുള്ള രാജ്യമാണ്. ടീമിനേക്കാള്‍ കൂടുതലായി വ്യക്തികളെ ഞങ്ങള്‍ പരിഗണിക്കുന്നു.
ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ ടീം വ്യക്തിയേക്കാള്‍ മുകളിലാണ്. ഓഹരിയുടമകള്‍ മുതല്‍ മാധ്യമങ്ങള്‍ വരെ വെറും പി.ആര്‍ ഏജന്‍സികളായി ചുരുങ്ങിയിരിക്കുകയാണ്.
പ്രക്ഷേപകര്‍ ക്രെഡിറ്റ് നല്‍കുന്നില്ലെങ്കില്‍, നിങ്ങള്‍ എല്ലായ്‌പ്പോഴും വിലകുറച്ച് റേറ്റ് ചെയ്യപ്പെടും. ഇതാണ് ഏറ്റവും വലിയ സത്യം. ഇക്കാരണത്താലാണ് ഞങ്ങള്‍ ഇത്രയും കാലം ഐ.സി.സി ടൂര്‍ണമെന്റില്‍ വിജയിക്കാത്തത്. കാരണം ഞങ്ങള്‍ക്ക് വ്യക്തികളോടാണ് കൂടുതല്‍ അഭിനിവേശം,’ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു.
1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയവും ഗംഭീര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ‘സെമി ഫൈനലിലും ഫൈനലിലും മൊഹീന്ദര്‍ അമര്‍നാഥ് ആയിരുന്നു മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതെങ്കിലും, കപില്‍ ദേവിന്റെ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുന്ന ഫോട്ടോ മാത്രമേ കാണാനാകൂ.
എത്ര പേര്‍ മൊഹീന്ദര്‍ അമര്‍നാഥിനെക്കുറിച്ച് സംസാരിക്കുന്നു? ഇവരില്‍ ആരോടെങ്കിലും ചോദിക്കൂ, 1983 ലോകകപ്പിനൊപ്പം മൊഹീന്ദര്‍ അമര്‍നാഥിന്റെ ഫോട്ടോ അവര്‍ എത്ര തവണ കണ്ടുവെന്ന്.
1983 ലോകകപ്പില്‍ നിന്ന് ഇന്നുവരെ ഒരു ഫോട്ടോ മാത്രമേ കാണിച്ചിട്ടുള്ളൂ. കപില്‍ ദേവ് ട്രോഫി ഉയര്‍ത്തുന്നത്. ചിലപ്പോള്‍ മൊഹീന്ദര്‍ അമര്‍നാഥിനെയും കാണിക്കൂ,’ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.