2024 ഐ.പി.എല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്കാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് ആര്‍മി 18.3 ഓവറില്‍ 113 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
കൊല്‍ക്കത്തയുടെ ബൗളിങ്ങില്‍ ആന്ദ്രേ റസല്‍ മൂന്ന് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും വൈഭവ് അരോര, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഹൈദരാബാദ് ബാറ്റിങ് 113 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
26 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരുടെ തകര്‍പ്പന്‍ പ്രകടനമാണ് കൊല്‍ക്കത്തയെ വിജയത്തില്‍ എത്തിച്ചത്. നാല് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അഫ്ഗാന്‍ സൂപ്പര്‍താരം റഹ്‌മാനുള്ള ഗുര്‍ബാസ് 32 പന്തില്‍ 39 റണ്‍സും നേടി ജയത്തില്‍ നിര്‍ണായകമായി.
ഈ വിജയത്തിന് പിന്നാലെ ഒരു ചരിത്രം നേട്ടമാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഒരു ടീമിന്റെ ക്യാപ്റ്റനായും മെന്ററായും കിരീടം നേടുന്ന ആദ്യ താരമായി മാറാനാണ് ഗംഭീറിന് സാധിച്ചത്. 2012, 2014 സീസണുകളാണ് ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായി കിരീടം ഉയര്‍ത്തുന്നത്. ഈ സീസണിൽ ടീമിന്റെ മെന്ററായി സ്ഥാനമേല്‍ക്കുകയും 10 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്ത മൂന്നാം കിരീടത്തിലേക്ക് നയിക്കാനും ഗംഭീറിന് സാധിച്ചു.
ടീമിന്റെ മെന്റര്‍ എന്ന നിലയില്‍ ഈ സീസണില്‍ മികച്ച നീക്കങ്ങളാണ് കൊല്‍ക്കത്തയില്‍ ഗംഭീര്‍ നടപ്പിലാക്കിയത്. കൊല്‍ക്കത്തയുടെ ആക്രമണ ശൈലിയില്‍ കളിക്കുന്ന ഓപ്പണിങ് കൂട്ടുകെട്ട് രൂപപ്പെടുത്തിയെടുക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് ഗംഭീര്‍ വഹിച്ചത്. ഇതിനുപുറമേ 24 കോടിക്ക് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസർ മിച്ചല്‍ സ്റ്റാർക്കിനെ ലേലത്തില്‍ കൊല്‍ക്കത്ത വാങ്ങിയതിന് പിന്നിലും ഗംഭീറിന്റെ വലിയ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.
Content Highlight: Gautham Gambhir create a new record in IPL