| Thursday, 7th March 2024, 12:13 pm

കമല്‍ സാര്‍ പറഞ്ഞതുകൊണ്ട് വേട്ടയാട് വിളയാട് സിനിമയുടെ ക്ലൈമാക്‌സ് മാറ്റി: ഗൗതം വാസുദേവ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് ഇന്‍ഡസ്ട്രിയില്‍ തന്റേതായ ശൈലിയിലൂടെ സംവിധാനരംഗത്ത് തിളങ്ങിയ സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. 2001ല്‍ മിന്നലേ എന്ന സിനിമയിലൂടെ സ്വതന്ത്രസംവിധായകനായ ഗൗതം ചുരുങ്ങിയ കാലം കൊണ്ട് മുന്‍നിര സംവിധായകരില്‍ ഒരാളായി. 2020ന് ശേഷം അഭിനയമേഖലയിലും തന്റെ സാന്നിധ്യമറിയിച്ചു. കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്ന സിനിമയിലൂടെ അഭിനയമേഖലയില്‍ സജീവമായിരിക്കുകയാണ് ഗൗതം. വീണ്ടും സംവിധാനരംഗത്ത് സജീവമായിരിക്കുകയാണ് ജോഷ്വ ഇമൈപോല്‍ കാക്ക എന്ന സിനിമയിലൂടെ. മൂന്ന് വര്‍ഷം മുമ്പ് ചിത്രീകരണം പൂര്‍ത്തിയായ ജോഷ്വ സാങ്കേതിക കാരണങ്ങളാല്‍ റിലീസ് വൈകുകയായിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ വേട്ടയാട് വിളയാട് എന്ന സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ചു. തന്റെ മനസില്‍ ഉണ്ടായിരുന്ന ക്ലൈമാക്‌സ് വേറെയായിരുന്നുവെന്നും കമല്‍ സാര്‍ പറഞ്ഞതുകൊണ്ട് ആ ക്ലൈമാക്‌സ് മാറ്റേണ്ടി വന്നുവെന്നും ഗൗതം പറഞ്ഞു. അദ്ദേഹത്തിന്റെ സജഷന്‍ സ്വീകാര്യമായി തോന്നിയതുകൊണ്ടാണ് ക്ലൈമാക്‌സ് മാറ്റിയതെന്നും ഗൗതം പറഞ്ഞു.

‘വേട്ടയാട് വിളയാട് എന്ന സിനിമയുടെ സ്‌ക്രിപ്റ്റില്‍ ഒരു പാളിച്ച പോലുമില്ലാതെയാണ് ഞാന്‍ കമല്‍ സാറിന്റെയടുത്തേക്ക് പോയത്. അത് വായിച്ചിട്ട് എന്താ ഈ എഴുതിവെച്ചിരിക്കുന്നത് എന്ന് ചോദിക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധമായിരുന്നു. സാര്‍ അതില്‍ ഒരേയൊരു ചെയ്ഞ്ച് മാത്രമേ വരുത്തിയുള്ളൂ. ക്ലൈമാക്‌സിലെ സീനില്‍ കമല്‍ സാറും ബാലാജിയും നേര്‍ക്കുനേര്‍ നില്‍ക്കുന്ന സീനുണ്ട്. ഞാന്‍ ആ സീനില്‍ ലെങ്തിയായിട്ടുള്ള ഒരു ഫൈറ്റ് ആണ് എഴുതിവെച്ചത്.

മെഡിക്കല്‍ സ്റ്റുഡന്റായിട്ടുള്ള ഒരു സീരിയല്‍ കില്ലറും, എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള പൊലീസ് ഓഫീസറും തമ്മിലുള്ള റോ ആയിട്ടുള്ള ഫൈറ്റായിരുന്നു പ്ലാന്‍ ചെയ്തത്. എന്റെ ‘തലൈവരെ’ അഴിഞ്ഞാടാന്‍ വിടുന്ന തരത്തിലുള്ള ഫൈറ്റായിരുന്നു അത്. പക്ഷേ സാര്‍ പറഞ്ഞത് എന്തായിരുന്നെന്ന് വെച്ചാല്‍, സിനിമ മുഴുവന്‍ നമ്മള്‍ ത്രില്ലര്‍ വെച്ച് കളിച്ചില്ലേ, ഇനി ആ പയ്യനെ ഞാന്‍ തല്ലുന്നത് എന്തിനാണ്? പെട്ടെന്ന് തീരുന്ന രീതിക്ക് എഴുതിക്കൂടേ എന്ന് ചോദിച്ചു. എനിക്കും അത് സ്വീകാര്യമായി തോന്നി. ഞാന്‍ ഒരു പത്തു മിനിറ്റ് ചോദിച്ചു. മാറിനിന്ന് ആലോചിച്ചു. വില്ലന്‍ വരുന്നു, കമല്‍ സാര്‍ കൈയിലിരുന്ന കോടാലി കൊണ്ട് ഒറ്റ വെട്ടിന് തീര്‍ക്കുന്നു എന്നെഴുതി. സാര്‍ അത് ഗംഭീരമായെന്ന് പറഞ്ഞു,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

Content Highlight: Gautam Vasudev Menon reveals that he changed the climax of Vettaiyadu Vilaiyadu movie for Kamal Haasan

We use cookies to give you the best possible experience. Learn more