| Thursday, 24th August 2023, 8:55 pm

2007 ലോകകപ്പില്‍ എന്നെ പുറത്താക്കിയത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല; തുറന്നുപറഞ്ഞ് ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് ഹീറോകളില്‍ പ്രധാനിയാണ് ഗൗതം ഗംഭീര്‍. 2011ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന ലോകകപ്പില്‍ പ്രധാനപ്പെട്ട റോളായിരുന്നു ടീമിന്റെ വിജയത്തില്‍ ഗംഭീര്‍ വഹിച്ചത്. ഫൈനലില്‍ നേടിയ 97 റണ്‍സ് ആരാധകരും ക്രിക്കറ്റ് ലോകവും ഒരിക്കലും മറക്കില്ല.

2007ല്‍ വെസ്റ്റ് ഇന്ഡീസില്‍ വെച്ച് നടന്ന ലോകകപ്പില്‍ താരം കളിച്ചില്ലായിരുന്നു. ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്താകാനായിരുന്നു ടീമിന്റെ വിധി. അന്ന് തന്നെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണം മനസിലായിട്ടില്ല എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗംഭീറിപ്പോള്‍. ആ തീരുമാനം തെറ്റായിപ്പോയെന്ന് തനിക്ക് ഇപ്പോഴും തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ 2011ലെ ലോകകപ്പ് വിജയം എന്റെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിജയമാണ്. 2007ലെ ഏകദിന ലോകകപ്പ് എനിക്ക് കളിക്കാന്‍ സാധിച്ചില്ലായിരുന്നു. ഇപ്പോഴും എന്നെ പുറത്തിരിത്തിയത് തെറ്റാണെന്നാണ് എനിക്ക് തോന്നുന്നത്.

നന്നായി കളിച്ചിട്ടും എന്നെ പുറത്തിരുത്തിയത് എന്തിനാണെന്ന് എനിക്ക് അറിയില്ല. 2011ല്‍ മാത്രമാണ് ഞാന്‍ ഒരു ഏകദിന ലോകകപ്പ് കളിച്ചത്. അതുകൊണ്ട് കളിച്ച ഒരേ ഒരു ഏകദിന ലോകകപ്പ് ജയിച്ച താരമെന്ന പ്രത്യേകത എനിക്കുണ്ട്,’ ഗംഭീര്‍ പറഞ്ഞു.

2007 ടി-20 ലോകകപ്പിലും ഗംഭീര്‍ ഇന്ത്യയുടെ പ്രധാന താരമായിരുന്നു. 2004ല്‍ ഇന്ത്യക്കായി അരങ്ങേറിയ ഗംഭീര്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരില്‍ ഒരാളാണ്. ഇന്ത്യ ആദ്യ ടി-20 ലോകകപ്പ് നേടുമ്പോള്‍ ഫൈനലില്‍ 75 റണ്‍സുമായി ഇന്ത്യന്‍ ബാറ്റിങ്ങിനെ നയിച്ചത് ഗംഭീറായിരുന്നു.

ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ഗംഭീര്‍ ഐ.പി.എല്ലില്‍ മികച്ച ക്യാപ്റ്റന്‍ കൂടിയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയ രണ്ട് കിരീടവും ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു.

Content Highlight: Gautam Gambir says he still dont know why he was left out during 2007 worldcup

We use cookies to give you the best possible experience. Learn more