കരിയറില്‍ ആരും ഇത്ര വിട്ടുവീഴ്ച ചെയ്യില്ല, ധോണിക്ക് മാത്രം പറ്റുന്നത്: ഗൗതം ഗംഭീര്‍
Sports News
കരിയറില്‍ ആരും ഇത്ര വിട്ടുവീഴ്ച ചെയ്യില്ല, ധോണിക്ക് മാത്രം പറ്റുന്നത്: ഗൗതം ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th September 2023, 9:02 pm

 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് മഹേന്ദ്ര സിങ് ധോണി. ഇന്ത്യക്കായി മൂന്ന് ഐ.സി.സി ട്രോഫി നേടികൊടുക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയടക്കം പല താരങ്ങളുടെയും വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കാന്‍ ധോണിക്ക് കഴിഞ്ഞു.

ധീരമായ തീരുമാനങ്ങളെടുക്കാനും പ്രോഫഷണലായി മാത്രം ഇടപെടുകയും ചെയ്യുന്നതിനാല്‍ ഇന്ത്യന്‍ ടീമില്‍ തന്നെ ധോണിയോട് എതിരഭിപ്രായമുള്ളവരുണ്ടായിരുന്നു. ധോണിയോട് ഏറ്റവും കൂടുതല്‍ അഭിപ്രോയ വ്യത്യാസങ്ങളുമുള്ള താരം മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീറാണ്. പല സ്ഥലത്തും ഗംഭീര്‍ ഇത് തുറന്നുപറഞ്ഞിട്ടുമുണ്ട്.

എന്നാലിപ്പോള്‍ ധോണി കരിയറില്‍ ചെയ്ത ഏറ്റവും വലിയ വിട്ടുവീഴ്ചയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗംഭീര്‍. അത് നായകനായ ശേഷം തന്റെ ടോപ് ഓര്‍ഡര്‍ സ്ഥാനം വിട്ടുകൊടുത്തതാണെന്നാണ് ഗംഭീര്‍ പറയുന്നത്. വണ്‍ ഡൗണായി ധോണി കളിച്ചിരുന്നുവെങ്കില്‍ ഏകദിനത്തില്‍ പല റെക്കോഡുകളും സ്വന്തമാക്കിയേനെ എന്നാണ് ഗംഭീറിന്റെ അഭിപ്രായം.

‘ധോണി വണ്‍ഡൗണായി കളിച്ചിരുന്നുവെങ്കില്‍ ഏകദിനത്തിലെ പല വലിയ റെക്കോഡുകളും തകര്‍ക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നായകനായ ശേഷം അവന്‍ തന്റെ ടോപ് ഓഡര്‍ റണ്‍സുകളെ മറന്ന് കിരീടങ്ങള്‍ക്കായി ഫിനിഷര്‍ റോളിലേക്കെത്തുകയായിരുന്നു. ഇതാണ് ധോണി കരിയറില്‍ ചെയ്ത വലിയ വിട്ടുവീഴ്ച’- ഗംഭീര്‍ പറഞ്ഞു.

നീളന്‍ മുടിക്കാരനായി ഇന്ത്യന്‍ ടീമിലേക്കെത്തിയ ധോണി ആദ്യം മധ്യനിരയിലാണ് കളിച്ചത്. എന്നാല്‍ പിന്നീട് ടോപ് ഓഡറിലേക്കെത്തുകയായിരുന്നു. മൂന്നാം നമ്പറില്‍ ബാറ്റുചെയ്ത് പാകിസ്താനെതിരേയും ശ്രീലങ്കയ്ക്കെതിരേയും ധോണി നേടിയ സെഞ്ച്വറികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്നതാണ്.

തുടക്കം മുതല്‍ കടന്നാക്രമിക്കുന്ന ധോണിയെയാണ് അന്ന് കാണാനായിരുന്നത്. എന്നാല്‍ നായകനായ ശേഷം ഫിനിഷര്‍ റോളിലേക്ക് ധോണി ഗിയര്‍ മാറ്റി. പിന്നീട് പക്വതയോടെ മികച്ച നിയന്ത്രണത്തോടെയുള്ള ഇന്നിങ്സാണ് ധോണി കളിച്ചിരുന്നത്. ക്യാപ്റ്റനെന്ന നിലയിലും ഫിനിഷറെന്ന നിലയിലും ഉത്തരവാദിത്തത്തോടെ കളിക്കാന്‍ ധോണിക്കായി.

Content Highlight: Gautam Gambir Says Dhoni Giving his Batting Position to others was The greatest Sacrifice he made