| Tuesday, 3rd April 2018, 7:44 pm

കാശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരപരാധികളെ കൊല്ലുന്നെന്ന പരാമര്‍ശം; അഫ്രിദിയെ പരിഹസിച്ച് ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: കാശ്മീരില്‍ തുടരുന്ന സംഘര്‍ഷത്തെ അപലപിച്ച് രംഗത്തെത്തിയ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്വയം നിര്‍ണയാവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദിക്കുന്ന നിരപരാധികളെ സ്വേച്ഛാധിപത്യ സര്‍ക്കാര്‍ വെടിവെച്ചു കൊല്ലുകയാണെന്ന പരാമര്‍ശത്തിനെതിരെയാണ് ട്വിറ്ററില്‍ പ്രതിഷേധം ശക്തമാകുന്നത്.

“അലട്ടുന്ന സംഭവങ്ങളാണ് ഇന്ത്യന്‍ അധീന കാശ്മീരില്‍ നടക്കുന്നത്. സ്വയം നിര്‍ണയാവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദിക്കുന്ന നിരപരാധികളെ സ്വേച്ഛാധിപത്യ സര്‍ക്കാര്‍ വെടിവെച്ചു കൊല്ലുന്നു. എവിടെയാണ് യു.എന്‍ എന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. എന്ത് കൊണ്ടാണ് ഈ രക്തച്ചൊരിച്ചില്‍ നിര്‍ത്താന്‍ അവര്‍ ശ്രമിക്കാത്തത്” എന്നായിരുന്നു അഫ്രിദി ട്വിറ്ററിലൂടെ ചോദിച്ചത്.

പരമാര്‍ശത്തിനെതിരെ രംഗത്തെത്തിയ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ മാധ്യമങ്ങള്‍ പ്രതികരണമറിയാന്‍ തന്നെ വിളിച്ചിരുന്നെന്ന് പറഞ്ഞാണ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.

“നമ്മുടെ കാശ്മീരിനെയും യു.എന്നിനെയും കുറിച്ചുള്ള അഫ്രിദിയുടെ പരാമര്‍ശത്തില്‍ പ്രതികരണങ്ങളറിയാന്‍ മാധ്യമങ്ങള്‍ എന്നെ വിളിച്ചിരുന്നു. അതിലെന്താണ് ഇത്ര പറയാന്‍. അഫ്രിദിയുടെ ഡിക്ഷ്‌നറിയില്‍ യു.എന്‍ എന്നു പറഞ്ഞാല്‍ അണ്ടര്‍-19 എന്നു മാത്രമാണര്‍ത്ഥം. ബ്രാക്കറ്റില്‍ അയാളുടെ പ്രായവും. മാധ്യമങ്ങള്‍ക്ക് വിശ്രമിക്കാം അഫ്രദി നോ ബോളിലെ വിക്കറ്റ് ആഘോഷിക്കുകയാണ്” ഗംഭീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ കാശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെ സൂചിപ്പിച്ചായിരുന്നു ഷഹിദ് അഫ്രീദിയുടെ ട്വീറ്റ്. ഈ മാസം ആദ്യം കാശ്മീരിലെ തെക്കന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും 11 ഭീകരരും രണ്ട് സിവിലിയന്‍മാരും കൊല്ലപ്പെട്ടിരുന്നു. മൂന്നിടങ്ങളിലായാണ് ഏറ്റുമുട്ടല്‍ നടന്നത്. അനന്ത് നാഗ് ജില്ലയില്‍ ഒരിടത്തും ഷോപിയാനിയില്‍ രണ്ടിടങ്ങളിലുമായാണ് ഏറ്റുമുട്ടല്‍ നടന്നത്.

ചില പ്രതികരണങ്ങള്‍ കാണാം:

We use cookies to give you the best possible experience. Learn more