നിലവില്‍ ഐ.പി.എല്‍ ടീമുകളെടുത്താല്‍ ഏറ്റവും അപകടകരമായ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആരും കണക്കാക്കില്ല. മികച്ച വെടിക്കെട്ട് ബാറ്റര്‍മാരും ബൗളര്‍മാരും ഓള്‍റൗണ്ടര്‍മാരുമൊക്കെ ഉണ്ടെങ്കിലും മൊത്തത്തില്‍ ടീമിന് ഒരു കോമ്പിനേഷന്‍ കാണികള്‍ക്ക് അനുഭവിക്കാന്‍ സാധിക്കാറില്ല. അത് കഴിഞ്ഞ മൂന്നാല് വര്‍ഷത്തെ അവരുടെ റിസല്‍ട്ട് നോക്കിയാല്‍ വ്യക്തമാകും.
എന്നാല്‍ കെ.കെ.ആറിന് ഒരു കഴിഞ്ഞ കാലമുണ്ടായിരുന്നു, ഹാട്രിക്ക് ട്രോഫി നേടാന്‍ വന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും ഡ്രീം സീസണ്‍ കളിച്ച് ഫൈനലില്‍ എത്തിയ കിംങ്‌സ് ഇലവന്‍ പഞ്ചാബിനെയും തറപറ്റിച്ചുകൊണ്ട് കിരീടം ചൂടിയ കാലം. അന്ന് കെ.കെ.ആറിനെ നയിച്ചത് ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ ഗൗതം ഗംഭീറാണ്.
പിന്നീട് ദല്‍ഹി ക്യാപിറ്റല്‍സിലേക്ക് മാറുകയും അവിടുന്ന് കരിയര്‍ അവസാനിപ്പിക്കുകയും ലഖ്‌നൗവിന്റെ കോച്ചാകാനുമായിരുന്നു ഗംഭീറിന്റെ വിധി. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം ചിലപ്പോള്‍ കെ. കെ.ആറിലേക്ക് തിരിച്ചെത്തും.
നിലവില്‍ കെ.എല്‍ രാഹുല്‍. നായകനായ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിന്റെ മെന്ററാണ് ഗംഭീര്‍. 2022ലെ സീസണിലൂടെയാണ് ലഖ്നൗ അരങ്ങേറ്റം കുറിച്ചത്. രണ്ട് സീസണിലും ലഖ്നൗ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും കപ്പിലേക്കെത്തിക്കാന്‍ ഗംഭീറിന് സാധിച്ചിരുന്നില്ല. ഇതോടെ പരിശീലക സംഘത്തില്‍ വലിയ അഴിച്ചുപണിക്ക് ലഖ്നൗ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ഓസീസ് താരവും പരിശീലകനുമായ ജസ്റ്റിന്‍ ലാങ്കറെ മുഖ്യ പരിശീലകനാക്കി ലഖ്നൗ നിയമിച്ച് കഴിഞ്ഞു.
ലാങ്കറെത്തിയതോടെ ഗംഭീറിന് ടീമില്‍ വലിയ റോളുണ്ടാവില്ല. അതുകൊണ്ടുതന്നെ ഗംഭീര്‍ ടീം വിടാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെന്നാണ് വിവരം. ഗംഭീറും കെ.കെ.ആര്‍ മാനേജ്മെന്റുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണത്തിലേക്കെത്തിയിട്ടില്ല. കെ.കെ.ആര്‍ ഐ.പി.എല്ലില്‍ രണ്ട് തവണയാണ് ചാമ്പ്യന്മാരായത്. രണ്ടു തവണയും നായകനായത് ഗംഭീറായിരുന്നു. ഗംഭീറിന് ശേഷം പലരും ക്യാപ്റ്റനായെത്തിയിട്ടും ടീമിനെ കപ്പടിപ്പിക്കാനായില്ല.
അതുകൊണ്ട് തന്നെ കെ.കെ.ആറിനെ അടിമുടി അറിയുന്ന ഗംഭീര്‍ മാനേജ്‌മെന്റില്‍ എത്തുന്നത് ടീമിന് ഒരുപാട് ഗുണം ചെയ്യുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlight: Gautam Gambir Might return to KKR