| Wednesday, 20th December 2017, 10:05 am

ഈ നെറി കേടിന് കയ്യടിക്കാന്‍ പറ്റില്ല ഗൗതം; വിക്കറ്റെന്നുറപ്പായിട്ടും പുറത്തു പോകാന്‍ മടിച്ച് ഗംഭീര്‍; താരത്തിനെതിരെ ക്രിക്കറ്റ് ലോകം, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യയുടെ 2011 ലെ ലോകകപ്പ് വിജയത്തിന് ഒരു പാടിപ്പുകഴ്ത്താത്ത ഹീറോയുണ്ടെങ്കില്‍ അത് ഗൗതം ഗംഭീറാണ്. പത്ത് വര്‍ഷം മുമ്പ് ഇന്ത്യ ആദ്യ ട്വന്റി-20 കിരീടം ഉയര്‍ത്തുമ്പോഴും അതില്‍ ഗംഭീറിന്റെ പങ്ക് പകരം വെക്കാനില്ലാത്തതാണ്.

ബാറ്റ് കൊണ്ട് ടീമിന് വിജയം നേടികൊടുമ്പോഴും കളിക്കളത്തിന് അകത്തും പുറത്തും ഗ ൗതിയുടെ സ്വഭാവവും എന്നും ചര്‍ച്ചയായിരുന്നു. കരിയറിന്റെ തുടക്കകാലത്തെ ചൂടന്‍ സ്വഭാവത്തില്‍ നിന്നും പക്വതയുള്ള നായകനായുള്ള താരത്തിന്റെ വളര്‍ച്ചയും കളിക്കളത്തിലെ മാന്യതയും എന്നും പ്രശംസിക്കപ്പെട്ടിരുന്നു.

ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും ഗൗതം ഗംഭീറിന്റെ പെരുമാറ്റവും നായക മികവും കയ്യടി നേടിയിരുന്നു. എന്നാല്‍ ആ കയ്യടികളെയെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കുന്നതാണ് പുതിയ സ ംഭവ വികാസങ്ങള്‍. 22 യാര്‍ഡിനകത്തെ ജെന്റില്‍മാന്‍ ഗെയിം എന്നാണ് ക്രിക്കറ്റിനെ കുറിച്ച് പറയാറ്. എന്നാല്‍ ആ മാന്യതയെയാണ് ഗൗതം വെല്ലുവിളിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ദല്‍ഹിയും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരത്തിന്റെ രണ്ടാം ദിവസമായിരുന്നു സംഭവം. ഒന്നാം ഇന്നിംഗ്‌സില്‍ ബംഗാള്‍ ഉയര്‍ത്തിയ 286 റണ്‍സിനെതിരെ ദല്‍ഹി ശക്തമായ നിലയില്‍ ബാറ്റ് ചെയ്യുകയായിരുന്നു. ഗംഭീര്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. വിക്കറ്റൊന്നും നഷ്ടമാകാതെ ദല്‍ഹി 174 റണ്‍സും നേടിയിരുന്നു.

ബംഗാള്‍ ബൗളര്‍ ആമിര്‍ ഗനി എറിഞ്ഞ പന്ത് ഗംഭീറിന്റെ ബാറ്റില്‍ കൊണ്ട് കീപ്പര്‍ ശ്രീവാത്സ് ഗോസ്വാമിയുടെ കൈയിലേക്ക്. പന്ത് പിടിച്ചതും ബംഗാള്‍ താരങ്ങല്‍ വിക്കറ്റ് നേട്ടം ആഘോഷിക്കാന്‍ തുടങ്ങി. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട് അമ്പയര്‍ അഭിജീത്ത് ദേശ്മുഖ് നോട്ട് ഔട്ട് വിധിച്ചു. അമ്പയറുടെ തീരുമാനം തെറ്റാണെന്ന് റീപ്ലേകളില്‍ നിന്നും വ്യക്തമായിരുന്നു. പക്ഷെ ഗംഭീര്‍ ക്രീസ് വിടാന്‍ തയ്യാറായില്ല.

അമ്പയറുടെ തീരുമാനം അന്തിമമാണെന്നിരിക്കലും ഗംഭീറിനെ പോലൊരു മുതിര്‍ന്ന താരം തെറ്റ് അംഗീകരിച്ച് സ്വയം ഔട്ട് ആണെന്ന് പറയാതിരുന്നത് വിവാദമായിരിക്കുകയാണ്. ക്രിക്കറ്റിലെ മാന്യതയെ കുറച്ച് യുവതാരങ്ങള്‍ക്ക് മാതൃകയാകേണ്ട താരം ഇത്തരത്തില്‍ മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചതിനെതിരെ സോഷ്യല്‍ മീഡിയയും മുതിര്‍ന്ന താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more