ഗൗതം ഗംഭീര്‍ എന്ന ക്രിക്കറ്റര്‍ക്ക് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വളരെ വലിയ സ്ഥാനമാണുള്ളത്. 2011 ലോകകപ്പ് ഫൈനലില്‍ ഗംഭീറിന്റെ ജേഴ്‌സിയില്‍ പുരണ്ട ചെളിയില്‍ ഇന്ത്യന്‍ ആരാധകര്‍ എല്ലാവരുടെ പ്രതീക്ഷയും ഉള്‍ക്കൊണ്ടിരുന്നു. ക്രിക്കറ്റര്‍ എന്ന നിലയില്‍ ആരാധകര്‍ ഗംഭീറിനെ ആരാധിക്കുമ്പോഴും ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഇതേ ആരാധകര്‍ തന്നെ സൂപ്പര്‍ താരത്തോട് മുഖം തിരിക്കുന്നതും പതിവാണ്, അതിന് പ്രധാന കാരണം ബി.ജെ.പി എം.പി കൂടിയായ ഗംഭീര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ തന്നെ.
ഇന്ത്യ – പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഒരു യുദ്ധത്തിന്റെ പ്രതീതി സമ്മാനിക്കാന്‍ ഗംഭീര്‍ ഈയിടെയായി ശ്രമിക്കുന്നുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ കാരണം ഏറെ നാളായി ഐ.സി.സി ഇവന്റുകളിലല്ലാതെ ഇന്ത്യയും പാകിസ്ഥാനും ഒരു ബൈലാറ്ററല്‍ മാച്ചോ സീരീസോ കളിച്ചിരുന്നില്ല. ഇതിന് ഒരു മാറ്റം വരണമെന്ന് സ്‌പോര്‍ട്‌സ് ആരാധകരെല്ലാരും ആഗ്രഹിക്കുമ്പോള്‍ അതിന് വിലങ്ങു തടിയാകുന്ന തരത്തില്‍ ആ പ്രശ്‌നത്തിന് മറ്റൊരു മാനം നല്‍കാനായിരുന്നു ഗംഭീര്‍ ശ്രമിച്ചിരുന്നത്.
‘നമ്മുടെ ജവാന്‍മാരുടെ ജീവനേക്കാള്‍ വിലയൊന്നും ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പൂര്‍ണമായും അവസാനിക്കുന്നത് വരെ ഇന്ത്യ പാകിസ്ഥാനെതിരെ ഒരൊറ്റ മത്സരം പോലും കളിക്കരുത്. രാജ്യത്തേക്കാള്‍ വലുതല്ല ഒരു ക്രിക്കറ്റ് ഇവന്റ്,’ എന്നായിരുന്നു ഈ ഏഷ്യാ കപ്പിന് മുമ്പേ അദ്ദേഹം പറഞ്ഞിരുന്നത്.
എന്നാല്‍ ഏഷ്യാ കപ്പില്‍ ഈ മത്സരം ഷെഡ്യൂള്‍ ചെയ്യപ്പെടുകയും കാന്‍ഡിയിലെ പല്ലേക്കലേയില്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ കമന്ററി പറയാന്‍ ആദ്യം ഓടിയെത്തിയത് ഗൗതം ഗംഭീറാണ്. പാകിസ്ഥാന്‍ ഇതിഹാസമായ വസീം അക്രത്തിനൊപ്പമായിരുന്നു കമന്ററി പാനലില്‍ അദ്ദേഹം മത്സരത്തിന്റെ തത്സമയ വിവരണം നല്‍കിയത്.
ഇതിന് പിന്നാലെ ആരാധകര്‍ നിശിത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പൂര്‍ണമായും അവസാനിക്കുന്നത് വരെ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞ അതേ ഗംഭീര്‍ തന്നെ കമന്ററി പറയാനെത്തിയിരിക്കുകയാണെന്നും പണമാണ് എല്ലാത്തിനേക്കാള്‍ പ്രധാനമെന്ന് ഗംഭീര്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും ആരാധകര്‍ വിമര്‍ശനമുന്നയിച്ചു.
ഇതിന് പുറമെ ഇരുടീമുകളും തമ്മിലുള്ള സൗഹൃദം കളത്തിന് പുറത്ത് മതി എന്നും ഗംഭീര്‍ പറഞ്ഞിരുന്നു. ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മഴമൂലം നിര്‍ത്തിവെച്ച സാഹചര്യത്തിലായിരുന്നു ഗംഭീറിന്റെ പരാമര്‍ശം.
‘ഇപ്പോള്‍ കളിക്കളത്തില്‍ താരങ്ങള്‍ തമ്മില്‍ ഫ്രണ്ട്‌ലി പഞ്ചുകള്‍ നല്‍കുകയാണ്. അവന്‍ പഞ്ച് ചെയ്യുന്നു, തിരിച്ച് പഞ്ച് ചെയ്യുന്നു. ഇതൊന്നും ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ കാരണമാണ് ഇത് സംഭവിക്കുന്നത്. ഇതോടെ താരങ്ങളുടെ കണ്ണില്‍ തീവ്രതയില്ലാതെയായി. ഞാന്‍ കളിക്കുമ്പോഴൊന്നും എതിരാളികളുമായി ഇത്തരത്തിലുള്ള ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഗ്രൗണ്ടില്‍ സൗഹാര്‍ദപരമായി സംസാരിക്കുന്നതിന് ഞാനെതിരല്ല, പക്ഷേ അപ്പോഴും നിങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത് എന്നും അപ്പോള്‍ അവര്‍ ഒരിക്കലും നിങ്ങളുടെ സുഹൃത്തുക്കളല്ല എന്നതും മറക്കരുത്. ഇത് മത്സരമാണ്, സുഹൃദ്ബന്ധങ്ങളെല്ലാം പുറത്ത് നിര്‍ത്തണം.
മത്സരം അവസാനിച്ചതിന് ശേഷമായിരിക്കണം അവര്‍ ഫ്രണ്ട്ഷിപ്പ് പ്രകടിപ്പിക്കേണ്ടത്. ക്രിക്കറ്റിലെ ആ ആറോ ഏഴോ മണിക്കൂറുകള്‍ അത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണ്, കാരണം നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ 140 കോടി ആളുകളെയാണ് പ്രതിനിധീകരിക്കുന്നത്. മുന്‍കാലങ്ങളിലൊന്നും ഇത്തരത്തിലൊന്ന് സംഭവിച്ചിരുന്നില്ല, എന്നാലിപ്പോള്‍ ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം തമാശ പറയുകയാണ്. ഇത്തരത്തില്‍ നിങ്ങള്‍ ഒരു ഫ്രണ്ട്ലി മാച്ചാണ് കളിക്കുന്നത് എന്ന് തോന്നുന്നു,’ എന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്.
താരത്തിന്റെ ഈ പ്രസ്താവനക്കെതിരെയും ആരാധകര്‍ രംഗത്തെത്തിയിരുന്നു. കളിക്കളത്തിലെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ പ്രാധാന്യമാണ് ഇവര്‍ ചൂണ്ടിക്കാണിച്ചത്.
ഗംഭീറിന്റെ ഈ പ്രസ്താവനകള്‍ അത്രത്തോളം നിഷ്‌കളങ്കമാണെന്ന് ഒരിക്കലും കരുതാന്‍ സാധിക്കില്ല. കാരണം ഈ വിഷയത്തില്‍ ഗംഭീര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പുകള്‍ തന്നെ. ഇന്ത്യയും പാകിസ്ഥാനും ഒരു മത്സരം പോലും കളിക്കരുതെന്നും ജവാന്‍മാരെക്കാള്‍ വലുതല്ല ഒരു മത്സരവുമെന്ന് പറഞ്ഞ അതേ ഗംഭീര്‍ തന്നെ പണമൊഴുകിയ വിദേശ ലീഗുകളില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്കൊപ്പം മത്സരങ്ങള്‍ കളിച്ചിരുന്നു എന്ന വസ്തുതയും ഇതോടൊപ്പം ചേര്‍ത്തുവെക്കേണ്ടതാണ്.
ഇക്കഴിഞ്ഞ യു.എസ്. മാസ്റ്റേഴ്‌സ് ടി-10 ലീഗില്‍ ന്യൂ ജേഴ്‌സി ട്രൈറ്റണ്‍സിന്റെ ക്യാപ്റ്റനായ ഗൗഗം ഗംഭീര്‍ പാക് ഇതിഹാസ താരമായ ഷാഹിദ് അഫ്രിദിയടക്കമുള്ളവര്‍ക്കൊപ്പം ഫീല്‍ഡ് പങ്കിട്ടിരുന്നു. ഒരേസമയം, ഗംഭിര്‍ ഇരട്ട നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനൊപ്പം ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലും പാകിസ്ഥാന്‍ താരങ്ങള്‍ക്കൊപ്പം ഗംഭീര്‍ ഫീല്‍ഡിലിറങ്ങിയിരുന്നു.
ഇതിനൊപ്പം പല താരങ്ങളോടുള്ള ഗംഭീറിന്റെ അസൂയയും ചര്‍ച്ചയായിരുന്നു. ‘ഇത്രത്തോളം ഫ്രസ്‌ട്രേറ്റഡായ ഒരു താരം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതുവരെ ഉണ്ടായിട്ടില്ല’ എന്ന് ആരാധകര്‍ പറയുന്നത് ഗ്രൗണ്ടിന് അകത്തും പുറത്തുമുള്ള ഗംഭീറിന്റെ പെരുമാറ്റവും പ്രവൃത്തികളും കൊണ്ടുതന്നെയാണ്.
മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായുള്ള താരത്തിന്റെ ഉരസലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഒരുകാലത്ത് മികച്ച സൗഹൃദം പങ്കിട്ട ഇരുവരുടെയും ബന്ധം പിന്നീട് വഷളാവുകയായിരുന്നു. വിരാടിനെ വിമര്‍ശിക്കാനുള്ള ഒരു അവസരം പോലും ഗംഭീര്‍ പാഴാക്കാതിരുന്നതും ഇക്കാരണത്താലാണ്.
കഴിഞ്ഞ ദിവസം കോഹ്‌ലി ആരാധകര്‍ക്കെതിരെ നടുവിരല്‍ ഉയര്‍ത്തിയും ഗംഭീര്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. പല്ലേക്കലേ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിട കോഹ്‌ലി, കോഹ്‌ലി എന്ന ചാന്റ് ചെയ്തവര്‍ക്കെതിരെയായിരുന്നു താരം അശ്ലീല ആംഗ്യം കാണിച്ചത്. സംഭവം വിവാദമായതോടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെയായിരുന്നു താന്‍ റിയാക്ട് ചെയ്തത് എന്ന വിശദീകരണം നല്‍കിയാണ് ഗംഭീര്‍ തടിതപ്പിയത്.
വിരാട് കോഹ്‌ലിയുടെ മികവില്‍ ഇന്ത്യ പാകിസ്ഥാനെതിരെ വിജയിച്ചപ്പോള്‍ അസ്വസ്ഥനായ ഗംഭീറിനെ ആരാധകര്‍ ഒരിക്കലും മറക്കാനും ഇടയില്ല. 2022 ടി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും മെല്‍ബണിലേറ്റുമുട്ടിയപ്പോഴുള്ള കമന്ററി ക്ലിപ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവെച്ചതോടെയാണ് ആരാധകര്‍ ഗംഭീറിന്റെ റിയാക്ഷന്‍ കണ്ട് ഞെട്ടിയത്.
വിരാട് കോഹ്‌ലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് എന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന മാച്ചിന്റെ അവസാന ഘട്ടത്തിലേക്കാണ് ഗംഭീര്‍ അസ്വസ്ഥനായി കാണപ്പെട്ടത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഹിന്ദി കമന്ററി ടീമില്‍ ആകാശ് ചോപ്രയ്ക്കും സഞ്ജയ് ബാംഗറിനുമൊപ്പമായിരുന്നു ഗംഭീര്‍ കമന്റി ബോക്‌സില്‍ ഉണ്ടായിരുന്നത്.
അവസാന ഓവറിന്റെ ആവേശത്തില്‍ ആകാശ് ചോപ്ര നിന്നുകൊണ്ട് കമന്ററി പറഞ്ഞപ്പോള്‍ ബാംഗറും ആ ആവേശത്തില്‍ പങ്കുചേര്‍ന്നിരുന്നു. എന്നാല്‍ ഓരോ നിമിഷത്തിലും ഗംഭീര്‍ കൂടുതല്‍ നിരാശനായാണ് കാണപ്പെട്ടത്.
അവസാന ഓവറില്‍ മുഹമ്മദ് നവാസ് വൈഡ് എറിയുകയും സ്‌കോര്‍ ടൈ ആവുകയും ചെയ്തപ്പോള്‍ ഗംഭീര്‍ നിരാശകൊണ്ട് മുഖം പൊത്തുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ അശ്വിന്‍ സിംഗിള്‍ നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ കയ്യടിച്ചെന്ന് വരുത്തിത്തീര്‍ക്കുക മാത്രമാണ് ഗംഭീര്‍ ചെയ്തത്.
‘ഗംഭീറിനെ പോലുള്ളവരെ’ സംബന്ധിച്ച് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം യുദ്ധസമാനമാണ്. ആ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ പോലും ഗംഭീര്‍ അസ്വസ്ഥനായതിന്റെ കാരണം ഇന്നും അജ്ഞാതമാണ്.
Content highlight: Gautam Gambhir, When a cricketer becomes a sangh parivar member