| Monday, 16th January 2023, 9:57 pm

ഒന്നല്ല, രണ്ട് മാന്‍ ഓഫ് ദി സീരീസ് നല്‍കണമായിരുന്നു, ആ കുറവ് അറിയിക്കാതെ അവന്‍ ടീമിനെ കൊണ്ടുപോയി: ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ വിരാട് കോഹ്‌ലിയെയായിരുന്നു മാന്‍ ഓഫ് ദി സീരീസായി തെരഞ്ഞെടുത്തത്. ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും നേടിയ സെഞ്ച്വറിയാണ് വിരാടിനെ പരമ്പരയുടെ താരമാക്കിയത്.

എന്നാല്‍ ആ പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരത്തിന് മറ്റൊരാള്‍ക്കുകൂടി അര്‍ഹതയുണ്ടായിരുന്നു എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിനെയാണ് ഗംഭീര്‍ മാന്‍ ഓഫ് ദി മാച്ചായി കാണുന്നത്. ഇരുവര്‍ക്കുമായി ജോയിന്റ് മാന്‍ ഓഫ് ദി മാച്ച് നല്‍കണമെന്നാണ് ഗംഭീര്‍ പറയുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു ചര്‍ച്ചക്കിടെയായിരുന്നു ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.

‘എന്നെ സംബന്ധിച്ച് സിറാജ് വിരാടിന് തുല്യനായിരുന്നു. ഒരു ജോയിന്റ് മാന്‍ ഓഫ് ദി സീരീസ് ഉണ്ടാകേണ്ടതായിരുന്നു. കാരണം അവന്റെ ബൗളിങ്ങ് അതിമനോഹരമായിരുന്നു. അസാധാരണമാം വിധമാണ് ഒരു ബാറ്റിങ് പിച്ചില്‍ അവന്‍ വിക്കറ്റ് വീഴ്ത്തിയത്.

ബാറ്റര്‍മാര്‍ സെഞ്ച്വറി നേടുന്നത് കാണാന്‍ വേണ്ടിയാണ് നമ്മള്‍ കാത്തിരിക്കുന്നത്. എന്നാല്‍ എനിക്ക് തോന്നുന്നത് മുഹമ്മദ് സിറാജ് ഈ പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ്.

അവന്‍ മികച്ച താരം തന്നെയാണ്. കഴിഞ്ഞ ദിവസം അഞ്ച് വിക്കറ്റ് നേടിയില്ല എന്ന കാര്യം മാറ്റി നിര്‍ത്തിയാല്‍ ആഗ്രഹിച്ചതിനേക്കാള്‍ മികച്ച രീതിയിലാണ് അവന്‍ പന്തെറിഞ്ഞത്,’ ഗംഭീര്‍ പറഞ്ഞു.

സിറാജ് ഓരോ മത്സരം കഴിയുമ്പോളും മികച്ചതാവുകയാണെന്നും ഭാവിയുടെ താരമാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നിരയില്‍ ബുംറയുടെ അഭാവം അറിയാതിരുന്നത് സിറാജിന്റെ പ്രകടനം കാരണമാണെന്നും ഗംഭീര്‍ പറഞ്ഞു.

ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പടെ ഏഴ് ഓവര്‍ പന്തെറിഞ്ഞ സിറാജ് 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. 4.29 ആയിരുന്നു ആദ്യ മത്സരത്തില്‍ സിറാജിന്റെ എക്കോണമി.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് നടന്ന മത്സരത്തിലും സിറാജ് തിളങ്ങിയിരുന്നു. 5.4 ഓവറില്‍ 30 റണ്‍സിന് മൂന്ന് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്.

മൂന്നാം മത്സരത്തില്‍ ഒരു മെയ്ഡന്‍ അടക്കം പത്ത് ഓവര്‍ പന്തെറിഞ്ഞ് 32 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തായാണ് സിറാജ് ഇന്ത്യന്‍ ബൗളിങ് ഡിപ്പാര്‍ട്മെന്റിന്റെ നെടുംതൂണായത്.

Content highlight: Gautam Gambhir wants Mohammad Siraj to be given man of the series award along with Virat Kohli

We use cookies to give you the best possible experience. Learn more