| Monday, 18th March 2019, 5:41 pm

ലോകകപ്പില്‍ രണ്ട് പോയന്റ് കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ല, ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുത്: ഗൗതംഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌ക്കരിക്കണമെന്ന് ആവര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കളിക്കണോ വേണ്ടയോ എന്നുള്ളത് ബി.സി.സി.ഐയാണ് തീരുമാനിക്കേണ്ടതെന്നും തന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും ഗംഭീര്‍ പറഞ്ഞു.

മത്സരം ബഹിഷ്‌ക്കരിക്കുന്നതിന്റെ പേരില്‍ പിഴയടക്കുന്നതിലും രണ്ട് പോയന്റ് നഷ്ടമാക്കുന്നതിലും തെറ്റില്ലെന്ന് ഗംഭീര്‍ പറഞ്ഞു. ഏത് ക്രിക്കറ്റ് കളിയേക്കാളും തനിക്ക് വലുത് ജവാന്മാരും രാജ്യവുമാണെന്ന് ഗംഭീര്‍ പറഞ്ഞു.

പാകിസ്ഥാനെ മുഴുവനായി ബഹിഷ്‌ക്കരിക്കണമെന്ന് നിലപാടാണ് ഗംഭീറിനുള്ളത്. അതുകൊണ്ട് ഏഷ്യാകപ്പിലും പാകിസ്ഥാനെ ബഹിഷ്‌ക്കരിക്കണമെന്ന് ഗംഭീര്‍ ടൈംസ് നൗവിനോട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര്‍ ബി.ജെ.പിയ്ക്ക് വേണ്ടി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രസ്താവന.

ലോകകപ്പില്‍ പാകിസ്ഥാനുമായി കളിയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു.

സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായിയാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ലോകകപ്പില്‍ ജൂണ്‍ 16നാണ് പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഗ്രൂപ്പ് മത്സരം.

Latest Stories

We use cookies to give you the best possible experience. Learn more