ന്യൂദല്‍ഹി: ദല്‍ഹിയുടെ തെരുവില്‍ ഭിക്ഷയാചിക്കുന്ന വിമുക്ത ഭടന്റെ ചിത്രം കഴിഞ്ഞ ദിവസമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തത്. അദ്ദേഹം മലയാളിയാണെന്ന് സ്ഥിരീകരണം. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 1975ല്‍ കരസേനയില്‍ നിന്ന് വിരമിച്ച കായംകുളം സ്വദേശി പീതാംബരനാണ് ഗംഭീറിന്റെ ട്വീറ്റിലുള്ളതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
ഗൗതിയുടെ ട്വീറ്റിനെ തുടര്‍ന്ന് പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസില്‍ ഇവര്‍ യാചന നടത്തുന്നുണ്ട്.
നാല് വര്‍ഷം മുമ്പുണ്ടായ അപകടമാണ് പീതാംബരനെ ദുരവസ്ഥയിലെത്തിച്ചത് കരസേനയിലെ കോര്‍ ഓഫ് സിഗ്നല്‍സില്‍ സിഗ്നല്‍മാനായി 1965ലാണ് പീതാംബരന്‍ സര്‍വീസില്‍ പ്രവേശിച്ചതെന്ന് പ്രതിരോധമന്ത്രാലയ വക്താവ് കേണല്‍ അമന്‍ ആനന്ദ് മാതൃഭൂമിയോട് പറഞ്ഞു.
2016 ജൂണിലാണ് ഇതിന് മുമ്പ് ഭിക്ഷയാചിക്കുന്നത് കണ്ടത്. അന്ന് മേജര്‍ ജനറല്‍ ആര്‍.കെ. ആനന്ദ് ഇടപെട്ട് ചികിത്സ നല്‍കിയിരുന്നു. പിന്നീട് ആശുപത്രി വിട്ട ശേഷം വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നും അമന്‍ വിശദീകരിച്ചു.
സിഗ്നല്‍ റെജിമെന്റില്‍ പ്രവര്‍ത്തിച്ച പീതാംബരന്‍ 1975ലാണ് സൈനിക ജീവിതം അവസാനിപ്പിച്ചത്. ഇന്തോ-ചൈന നാഥുല ഏറ്റുമുട്ടല്‍, 1965ലെ ചൈന യുദ്ധം, 1971 ലെ പാക്കിസ്ഥാനുമായുള്ള യുദ്ധം എന്നിവയില്‍ പങ്കെടുത്തു.