| Sunday, 18th September 2022, 8:58 pm

കോഹ്‌ലിയെ പുകഴ്ത്തുന്നവര്‍ രോഹിത്തിന്റെയും രാഹുലിന്റെയും സംഭാവനകള്‍ മറക്കരുത്: ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെയാണ് ഇന്ത്യന്‍ ടീം യു.എ.യില്‍ നിന്ന് മടങ്ങിയത്. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ടി-20 ലോകക്കപ്പ്് വെല്ലുവിളി തന്നെയാണ്. കഠിനശ്രമം നടത്തി മത്സരത്തില്‍ വിജയം നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

ടി-20 പരമ്പരയില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ ലോകകപ്പിലും ജയിക്കില്ലെന്ന് ഇന്ത്യന്‍ ടീമിലെ മുന്‍നിര താരങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. രോഹിത്തിനൊപ്പം ഓപ്പണിങ്ങിന് ആരിറങ്ങും എന്ന് വ്യാപകമായി കൊണ്ടിരിക്കുന്ന ചര്‍ച്ചയെ കുറിച്ചും ഗംഭീര്‍ സംസാരിച്ചു.

വിരാട് കോഹ്‌ലി സെഞ്ച്വറി നേടുമ്പോള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലായി രോഹിത്തും രാഹുലും നല്‍കിയ സംഭാവനകളെ കുറിച്ച് നമ്മള്‍ മറക്കാന്‍ പാടില്ലെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി.

‘നിങ്ങള്‍ക്കറിയാമോ ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന്? വിരാട് കോഹ്‌ലി കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയപ്പോള്‍ രോഹിത്തും രാഹുലും കുറെ കാലമായി ഇവിടെ ചെയ്തതെല്ലാം നമ്മള്‍ മറന്നുതുടങ്ങി. കോഹ്‌ലി ഓപ്പണിങ്ങിന് ഇറങ്ങണമെന്ന് നിങ്ങള്‍ പ്രസ്താവിക്കുമ്പോള്‍ രാഹുലിന് എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചുട്ടുണ്ടോ? അദ്ദേഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് സങ്കല്‍പിച്ചുനോക്കൂ. എങ്ങാനും ആദ്യ മത്സരത്തില്‍ രാഹുലിന് സ്‌കോര്‍ കുറഞ്ഞുപോയാല്‍ അടുത്ത മത്സരത്തിന് കോഹ്‌ലി ഓപ്പണിങ് നടത്തണോ എന്ന ചര്‍ച്ച ഉയര്‍ന്നുവരും,’ ഗൗതം ഗംഭീര്‍ പറഞ്ഞു.

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ കുറിച്ചും ചിന്തിക്കേണ്ടതാണ്. നിങ്ങളുടെ ഇഷ്ട താരങ്ങളെ മാത്രം മുന്നില്‍ കണ്ട് വിലയിരുത്തലുകള്‍ നടത്തുമ്പോള്‍ അത് മറ്റ് കളിക്കാരെ മാനസികമായി എങ്ങനെയൊക്കെ ബാധിക്കുമെന്ന് ഓര്‍ക്കണം.

‘ഇന്ത്യയുടെ വീക്ഷണകോണില്‍ നിന്ന് ചിന്തിക്കുക. കെ.എല്‍. രാഹുലിന്റെയും രോഹിത് ശര്‍മയുടെയും വീക്ഷണകോണില്‍ നിന്ന് ചിന്തിക്കുക. രോഹിതാണ് നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍. അദ്ദേഹം ക്യാപ്റ്റനായിരുന്നില്ലെങ്കില്‍, അദ്ദേഹത്തിന് എന്ത് തോന്നുമായിരുന്നെന്ന് സങ്കല്‍പിക്കുക. അപ്പോള്‍ വിമര്‍ശനങ്ങളെല്ലാം കെ.എല്‍. രാഹുലിന്റെ മേല്‍ പതിക്കുമായിരുന്നു,’ ഗംഭീര്‍ വ്യക്തമാക്കി.

ഓരോ വ്യക്തികളെ എടുത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുനില്‍ക്കാതെ ഇന്ത്യന്‍ ടീമിന് ഒന്നടങ്കം എങ്ങനെ തഴച്ചുവളരാന്‍ കഴിയുമെന്നാണ് നമ്മള്‍ ചിന്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈയാഴ്ച ഓസ്ട്രേലിയയില്‍ നടക്കുന്ന ടി-20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലാണ് ഇന്ത്യയും ഓസീസും ഏറ്റുമുട്ടുക. ലോകത്തിലെ അപകടകാരികളായ ടീമുകളിലൊന്നാണ് ഓസ്ട്രേലിയ. ഇന്ത്യയെ സംബന്ധിച്ച് ഇത് നിര്‍ണായക ഘട്ടമാണ്.

ടി-20 പരമ്പരക്കുള്ള ടീം

ഇന്ത്യ- രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ്് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്ക്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്(വൈസ് ക്യാപ്റ്റന്‍), കാമറോണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡാനിയല്‍ സാംസ്, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, ആദം സാംപ, ഷോണ്‍ അബോട്ട്, ആഷ്ടണ്‍ ഏഗര്‍, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്.

Content Highlights:  Gautam Gambhir Those who praise Kohli should not forget the contributions of Rohit and Rahul

We use cookies to give you the best possible experience. Learn more