ക്രിക്കറ്റിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റിങ് പങ്കാളിയാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയാണ് തന്റെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റിങ് പങ്കാളിയെന്നാണ് ഗംഭീര്‍ പറഞ്ഞത്.
‘എം.എസ് ധോണിയായിരുന്നു എന്റെ പ്രിയപ്പെട്ട ബാറ്റിങ് പങ്കാളി. എന്നാല്‍ അത് വീരേന്ദര്‍ സെവാഗ് ആണെന്നാണ് പല ആളുകളും കരുതുന്നത്. ധോണിക്കൊപ്പം കളിക്കാനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ച് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഞങ്ങള്‍ ഒരുമിച്ച് വലിയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്,” ഗംഭീര്‍ പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
2011ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന ഐ.സി.സി ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെയുള്ള ധോണിയുടേയും ഗംഭീറിന്റേയും മികച്ച കൂട്ടുകെട്ടിന്റെ കരുത്തിലായിരുന്നു ഇന്ത്യ രണ്ടാം ലോകകിരീടം സ്വന്തമാക്കിയത്. ഇരുവരും ചേര്‍ന്ന് 109 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് അന്ന് ഫൈനലില്‍ ഉയര്‍ത്തിയത്.
ശ്രീലങ്ക ഉയര്‍ത്തിയ 274 റണ്‍സ് മറികടക്കാനിറങ്ങിയ ഇന്ത്യന്‍ ടീമിന് തുടക്കത്തില്‍ തന്നെ വീരേന്ദര്‍ സെവാഗിനെയും സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും നഷ്ടമായി.
മത്സരത്തിന്റെ സമ്മര്‍ദ ഘട്ടത്തിലാണ് ഇന്ത്യയെ ധോണിയും ഗംഭീറും ചേര്‍ന്നുള്ള കൂട്ടുകെട്ട് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഗംഭീര്‍ 97 റണ്‍സും ധോണി പുറത്താവാതെ 91 റണ്‍സുമാണ് നേടിയത്.
Content Highlight: Gautam Gambhir talks MS Dhoni is his favourite batting partner in cricket.