ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നീ താരങ്ങളില്‍ ഏറ്റവും മികച്ച താരം ആരാണെന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോഴുള്ള ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീറിന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
സ്‌പോര്‍ട്‌സ് കീഡയുമായുള്ള അഭിമുഖത്തില്‍ ആയിരുന്നു ഗംഭീറിന്റെ വ്യത്യസ്തമായ പ്രതികരണം വന്നത്.
ലോക ഫുട്‌ബോളിലെ രണ്ട് ഇതിഹാസതാരങ്ങളില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ ഗംഭീറിനോട് അവതാരകന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗംഭീര്‍ മെസിയേയും റൊണാള്‍ഡോയേയും തള്ളികളയുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്‌ഫോഡിന്റെ പേരായിരുന്നു ഗംഭീര്‍ പറഞ്ഞത്.
‘മെസിയും, റൊണാള്‍ഡോയും ഇവരാരുമല്ല. ഞാന്‍ മാര്‍ക്കസ് റാഷ്‌ഫോഡിന്റെ പേര് പറയും,’ ഗംഭീര്‍ സ്‌പോര്‍ട്‌സ് കീഡയോട് പറഞ്ഞു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അണ്ടര്‍ 19 ടീമില്‍ നിന്നുമാണ് മാര്‍ക്കസ് റാഷ്‌ഫോഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മെയിന്‍ ടീമില്‍ എത്തുന്നത്. 2015ല്‍ ഓള്‍ഡ് ട്രഫോഡില്‍ അരങ്ങേറ്റം കുറിച്ച ഇംഗ്ലണ്ട് താരം 117 ഗോളുകളും 48 അസിസ്റ്റുകളും സ്വന്തം അക്കൗണ്ടിലാക്കിയിട്ടുണ്ട്. ഈ സീസണില്‍ ടെന്‍ ഹാഗിന്റെ കീഴില്‍ 20 മത്സരങ്ങളില്‍ നിന്നും രണ്ട് ഗോളും അസിസ്റ്റും നേടിയിട്ടുണ്ട്.
നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 16 മത്സരങ്ങളില്‍ നിന്നും ഒമ്പത് വിജയവും ഏഴ് തോല്‍വിയുമടക്കം 27 പോയിന്റുമായി ആറാം സ്ഥാനത്താണ് റാഷ്‌ഫോഡും സംഘവും.
അതേസമയം ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗില്‍ ഗുജറാത്ത് ജയന്റ്സും ഇന്ത്യ ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ പേസറും മലയാളി താരവുമായ ശ്രീശാന്തുമായി ഗംഭീര്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. 2013 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളിയെ പരിഹസിച്ച് ഗംഭീര്‍ തന്നെ ‘ഫിക്സര്‍’ എന്ന് വിളിച്ചെന്നായിരുന്നു ശ്രീശാന്ത് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത്.
Content Highlight: Gautam Gambhir talks about the best footballer.