| Thursday, 21st December 2023, 11:22 am

24 കോടിയൊക്കെ സ്റ്റാര്‍ക്കിന് നല്‍കിയതെന്തിനാ? വെളിപ്പെടുത്തലുമായി ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി. എല്‍ താരലേലത്തില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ 24.75 കോടിയുടെ റെക്കോഡ് തുകയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത വാങ്ങിയതിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ് കൊല്‍ക്കത്ത ടീമിന്റെ മെന്ററും മുന്‍ ഇന്ത്യന്‍ ഓപ്പണറുമായ ഗൗതം ഗംഭീര്‍. വരാനിരിക്കുന്ന സീസണില്‍ കൊല്‍ക്കത്താ നെറ്റ് റൈഡേഴ്‌സിന്റെ എക്‌സ് ഫാക്ടര്‍ ആയിരിക്കും സ്റ്റാര്‍ക്ക് എന്നാണ് ഗംഭീര്‍ പറഞ്ഞത്.

‘ മിച്ചല്‍ സ്റ്റാർക്ക് ഒരു മത്സരം മാറ്റിമറിക്കാൻ കഴിവുള്ള താരമാണ്. തുടക്കത്തില്‍ നന്നായി പന്തെറിയാനും അവസാന ഓവറുകളില്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനും സ്റ്റാര്‍ക്കിന് സാധിക്കും. ടീമിന്റെ ബൗളിങ് നിരയുടെ ആക്രമണത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ സ്റ്റാര്‍ക്കിന് കൃത്യമായി സാധിക്കും.

മത്സരങ്ങളില്‍ നിര്‍ണായക സമയങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്ന പ്രതിഭയുള്ള ബൗളര്‍മാര്‍ ഉള്ളത് ഞങ്ങളെ വളരെയധികം സഹായിക്കും. കഠിനമായ സാഹചര്യങ്ങളെ നേരിടുന്നതിന് ഞങ്ങള്‍ക്ക് ഒരു പ്രധാന ബൗളറെ ആവശ്യമുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക് അത് കൃത്യമായി നിര്‍വഹിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇത് അവന്റെ ബൗളിങ്ങില്‍ മാത്രമല്ല ടീമിന്റെ ആക്രമണത്തെ മുഴുവനായും നയിക്കുന്നതിന് സ്റ്റാര്‍ക്കിന് സാധിക്കും,’ ഗംഭീര്‍ ജിയോ സിനിമക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കൊല്‍ക്കത്തയുടെ ബൗളിങ് നിരയെകുറിച്ചുള്ള പ്രതീക്ഷകളും ഗംഭീര്‍ പങ്കുവെച്ചു.

‘ കൂടുതല്‍ ശക്തമായ ബൗളിങ് ലൈന്‍ അപ്പാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. വ്യത്യസ്ത ഗ്രൗണ്ടുകളെ അടിസ്ഥാനമാക്കിയുള്ള ബോളിങ് കോമ്പിനേഷനുകള്‍ ഞങ്ങള്‍ക്കുണ്ട്. ശക്തമായ ബാറ്റിങ് നിരയേക്കാള്‍ ഒരു മികച്ച ബൗളിങ് യൂണിറ്റ് ആണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

ഐ.പി.എല്ലില്‍ 27 മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 34 വിക്കറ്റുകളാണ് മിച്ചല്‍ സ്റ്റാര്‍ക്ക് പിഴുതെടുത്തത്. സ്റ്റാര്‍ക്കിനൊപ്പം വരുണ്‍ ചക്രവര്‍ത്തി, ചേതന്‍ സ്‌കറിയ, മുജീബ് ഉര്‍ റഹ്‌മാന്‍, ഗസ് അറ്റ്കിന്‍സണ്‍ എന്നീ താരങ്ങള്‍ കൂടിച്ചേരുമ്പോള്‍ കൊല്‍ക്കത്തയുടെ ബൗളിങ് കൂടുതല്‍ കരുത്തുറ്റതായി മാറുമെന്ന് ഉറപ്പാണ്.

Content Highlight: Gautam Gambhir talks about Mitchell Starc signing of Kolkata Knight Riders.

We use cookies to give you the best possible experience. Learn more