ഐ.സി.സി ഏകദിന ലോകകപ്പില്‍ കഴിഞ്ഞദിവസം നടന്ന രണ്ടാം സെമിഫൈനലില്‍ സൗത്ത് ആഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ഫൈനലില്‍ എത്തിയിരുന്നു. നവംബര്‍ 19ന് അഹമ്മദാബാദില്‍ നടക്കുന്ന ആവേശകരമായ ഫൈനലില്‍ ഇന്ത്യയാണ് ഓസീസിന്റെ എതിരാളികള്‍.
ഫൈനലില്‍ മുന്നോടിയായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്കക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്നും ഓസീസ് ഇപ്പോഴും ദുര്‍ബലരാണെന്നുമാണ് ഗംഭീര്‍ പറഞ്ഞത്.
‘ഓസ്‌ട്രേലിയ അവരുടെ മികച്ച പ്രകടനം സെമിഫൈനലില്‍ നടത്തിയിട്ടില്ല. അവര്‍ ഇപ്പോഴും വളരെ ദുര്‍ബലരാണ്. എന്നാല്‍ നോക്ക്ഔട്ട് മത്സരങ്ങള്‍ ജയിക്കുന്നത് എങ്ങനെയാണെന്ന് ഓസ്‌ട്രേലിയക്ക് നന്നായി അറിയാം. ഫൈനലില്‍ ഇന്ത്യ അവരുടെ ഏറ്റവും മികച്ച കളി പുറത്തെടുക്കേണ്ടി വരും. കഴിഞ്ഞ പത്ത് മത്സരങ്ങളിലും ഇന്ത്യ മികച്ച കളി തന്നെയാണ് കാഴ്ചവെച്ചത്. വളരെ ആത്മവിശ്വാസത്തോടെയാണ് അഹമ്മദാബാദില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാന്‍ ഒരുങ്ങുന്നത്,’ ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കെതിരെ മൂന്ന് വിക്കറ്റുകള്‍ക്കായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.
സൗത്താഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ ഓസീസിന് ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെടുകയും അവസാനം നായകന്‍ പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിക്കുകയായിരുന്നു. ലോകകപ്പില്‍ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഓസ്‌ട്രേലിയ പിന്നീടുള്ള എട്ടുമത്സരങ്ങളും തുടര്‍ച്ചയായി വിജയിച്ചു കൊണ്ടാണ് ഫൈനലിലേക്ക് മുന്നേറിയത്.
അതേസമയം ഇന്ത്യ ന്യൂസിലാന്‍ഡിനെ 70 റണ്‍സിന് തകര്‍ത്താണ് ഫൈനലിലേക്ക് കാലെടുത്തുവെച്ചത്. ടൂര്‍ണമെന്റിലെ പത്ത് മത്സരങ്ങളും വിജയിച്ചു കൊണ്ട് അപരാജിത കുതിപ്പാണ് രോഹിത്തും സംഘവും നടത്തിയത്. 2011ന് ശേഷമാണ് ഇന്ത്യ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
തുടര്‍ച്ചയായ ആറാം ലോക കിരീടം ലക്ഷ്യം വെച്ച് കങ്കാരുപ്പടയും മറുഭാഗത്ത് ധോണിക്ക് ശേഷം സ്വന്തം മണ്ണില്‍ കിരീടം ഉയര്‍ത്താന്‍ രോഹിത്തും സംഘവും അണിനിരക്കുമ്പോള്‍ ആവേശം വാനോളം ഉയരുമെന്നുറപ്പാണ്.
Content Highlight: Gautam Gambhir talks about Australian cricket team performance.