Cricket
വലിയ മത്സരങ്ങള്‍ എങ്ങനെ ജയിക്കണമെന്ന് ഓസ്‌ട്രേലിയക്ക് നന്നായി അറിയാം; മറ്റ് ടീമുകള്‍ക്ക് മുന്നറിയിപ്പുമായി ഗംഭീര്‍
ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 33 റണ്‍സിന് ഓസ്‌ട്രേലിയ തോല്‍പ്പിച്ചിരുന്നു. ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ അഞ്ചാം വിജയമായിരുന്നു ഇത്.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോടും സൗത്ത് ആഫ്രിക്കയോടും പരാജയപ്പെട്ട ഓസീസ് പിന്നീടുള്ള മത്സരങ്ങളില്‍ എല്ലാം ശക്തമായ തിരിച്ചുവരവായിരുന്നു കാഴ്ചവെച്ചത്.
ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രകടനങ്ങളെകുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍. അവശേഷിക്കുന്ന മത്സരങ്ങളിലും നോക് ഔട്ടിലും ഓസ്‌ട്രേലിയയെ മറ്റ് ടീമുകള്‍ ഭയക്കേണ്ടി വരുമെന്നാണ് ഗംഭീര്‍ പറഞ്ഞത്.
‘ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റതിനുശേഷമാണ് ഓസ്‌ട്രേലിയ ശക്തമായ തിരിച്ചുവരവ് നടത്തിയത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ മറ്റു ടീമുകള്‍ ഓസ്‌ട്രേലിയയെ ഭയക്കേണ്ടി വരും. വലിയ മത്സരങ്ങള്‍ എങ്ങനെ വിജയിക്കണമെന്ന് ഓസ്‌ട്രേലിയക്ക് നന്നായി അറിയാം,’ മത്സരശേഷം ഗംഭീര്‍ പറഞ്ഞു.
പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് ശ്രീലങ്ക, നെതര്‍ലന്‍ഡ്സ് എന്നീ ടീമുകളെയാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. നിലവില്‍ പോയിന്റ് പട്ടികയില്‍ പത്ത് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കങ്കാരുപ്പട.
അഹമ്മദാബാദ് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയ 49.3 ഓവറില്‍ 286 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ മര്‍നസ് ലബുഷാനെ 71 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇംഗ്ലീഷ് ബൗളിങ് നിരയില്‍ ക്രിസ് വോക്സ് നാല് വിക്കറ്റും ആദില്‍ റഷീദ് മാര്‍ക്ക് വുഡ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 48.1 ഓവറില്‍ 253 റണ്‍സിന് പുറത്താക്കുകയായിരുന്നു. ബെന്‍ സ്റ്റോക്സ് 64 റണ്‍സും ഡേവിഡ് മലന്‍ 50 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ഇംഗ്ലണ്ടിന് ജയിക്കാനായില്ല.
ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയില്‍ ആദം സാമ്പ മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റും മികച്ച പ്രകടനം നടത്തിയപ്പോള്‍ ഓസ്‌ട്രേലിയ 33 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
തോല്‍വിയോടെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്നും പുറത്താവുന്ന ആദ്യ ടീമായി മാറുകയും ചെയ്തു.
നവംബര്‍ ഏഴിന് മുംബൈ വാഖഡെ സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം.
Content Highlight: Gautam Gambhir talking about the Australian cricket team performance.