| Monday, 12th June 2023, 5:07 pm

2007, 2011 ലോകകപ്പിന്റെ ഹീറോ യുവരാജാണ്, എന്നാല്‍ പി.ആര്‍. ടീമും മാര്‍ക്കറ്റിങ് ടീമും മറ്റൊരാളെ ഹീറോ ആക്കുകയായിരുന്നു; ഇന്ത്യന്‍ ലെജന്‍ഡിനെതിരെ ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയിലെ താരാരാധനക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഗൗതം ഗംഭീര്‍. ഇന്ത്യയിലെ മാധ്യമങ്ങളും ബ്രോഡ്കാസ്‌റ്റേഴ്‌സും ഒരാളെ മാത്രം ഫോക്കസ് ചെയ്യരുതെന്നും ടീമിലെ മറ്റ് താരങ്ങളെയും കേന്ദ്രീകരിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.

2007ലെ ടി-20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ നേടാനുള്ള കാരണം യുവരാജ് സിങ്ങാണെന്നും എന്നാല്‍ പി.ആര്‍. ടീമും മാര്‍ക്കറ്റിങ് ടീമും മറ്റൊരാളെ ഹീറോയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആരുടെ പേരും പരാമര്‍ശിക്കാതെ ഗംഭീര്‍ പറഞ്ഞു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.

‘അവന്‍ (യുവരാജ്) എപ്പോഴും പറയാറുണ്ട് ഞാനാണ് ലോകകപ്പ് നേടിയതെന്ന്. എന്നാല്‍ 2007, 2011 ലോകകപ്പുകളുടെ ഫൈനലില്‍ ഞങ്ങളെയെത്തിച്ചത് യുവരാജാണ്. രണ്ട് ലോകകപ്പിലെയും ടൂര്‍ണമെന്റിലെ താരം അവനാണെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് അക്കാര്യത്തില്‍ ഉറപ്പില്ല. (2011 ലോകകപ്പില്‍ യുവരാജ് സിങ്ങിനെ ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുത്തപ്പോള്‍, 2007 ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രിദി ആയിരുന്നു മാന്‍ ഓഫ് ദി ടൂര്‍ണമെന്റ്).

എന്നാല്‍ 2007ലെയും 2011ലെയും ലോകകപ്പ് വിജയങ്ങളെ കുറിച്ച് നമ്മള്‍ പറയുമ്പോള്‍ യുവരാജിന്റെ പേര് പരമാര്‍ശിക്കാറില്ല. അത് ഏറെ സങ്കടമുണ്ടാക്കുന്നതാണ്. ഇതെന്തുകൊണ്ടാണ്? പി.ആര്‍. ടീമും മാര്‍ക്കറ്റിങ് ടീമും ഒരു താരത്തെ മറ്റെല്ലാവരേക്കാളും വലിയവനായും മറ്റെല്ലാ താരങ്ങളെയും അവനേക്കാള്‍ ചെറിയവനായും ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്,’ ഗംഭീര്‍ പറഞ്ഞു.

‘ഒരാളും അണ്ടര്‍ റേറ്റഡല്ല, എല്ലാം പി.ആര്‍ കാരണമാണ്. 2007ലെയും 2011ലെയും ലോകകപ്പ് ആര് നേടി എന്ന് നമ്മളോട് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരാളല്ല, ടീം ഒന്നാകെയാണ് ലോകകപ്പ് സ്വന്തമാക്കിയത്. ഒരാള്‍ക്ക് മാത്രമായി ഒരു ബിഗ് ഇവന്റും വിജയിക്കാന്‍ സാധിക്കില്ല. അങ്ങനെ സംഭവിക്കുമായിരുന്നെങ്കില്‍ ഇന്ത്യക്ക് 5-10 കപ്പുണ്ടായേനേ,’ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ആളുകള്‍ വ്യക്തികളെ ആരാധിക്കുന്നതിലാണ് വിശ്വസിക്കുന്നതെന്നും ഒരു ടീം എന്ന നിലയില്‍ ഇന്ത്യയെ ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും ഗംഭീര്‍ പറഞ്ഞു.

1983 ലോകകപ്പിലും ഇതുതന്നെയാണ് സംഭവിച്ചതെന്നും ഗംഭീര്‍ പറഞ്ഞു. 1983 ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത് മൊഹീന്ദര്‍ അമര്‍നാഥ് ആണെന്നും എന്നാല്‍ 1983 ലോകകപ്പ് എന്ന് പറയുമ്പോള്‍ കപില്‍ ദേവ് കിരീടമുയര്‍ത്തുന്ന ചിത്രം മാത്രമേ എല്ലാവരുടെയും മനസില്‍ വരികയുള്ളൂ എന്നും ഗംഭീര്‍ പറഞ്ഞു.

‘എത്ര ആളുകള്‍ മൊഹീന്ദര്‍ അമര്‍നാഥിനെ കുറിച്ച് സംസാരിക്കാറുണ്ട്? നിങ്ങള്‍ ഇവരോട് (കാണികള്‍) ചോദിക്കൂ, 1983 ലോകകപ്പിനൊപ്പം മൊഹീന്ദര്‍ അമര്‍നാഥ് നില്‍ക്കുന്ന ഫോട്ടോ നിങ്ങളിലാരെങ്കിലും കണ്ടിട്ടുണ്ടോ?

ലോകകപ്പില്‍ മോഹീന്ദര്‍ അമര്‍നാഥ് ജിയുടെ പ്രകടനം എത്തരത്തിലുള്ളതായിരുന്നു? കപില്‍ ദേവ് ജി കിരീടമുയര്‍ത്തുന്ന ചിത്രം മാത്രമേ നിങ്ങള്‍ കണ്ടിട്ടുള്ളൂ, അല്ലേ? മൊഹീന്ദര്‍ അമര്‍നാഥ് ജി ആയിരുന്നു സെമി ഫൈനലിലെയും ഫൈനലിലെയും മാന്‍ ഓഫ് ദി മാച്ച്.

1983 ലോകകപ്പിന്റെ മാന്‍ ഓഫ് ദി മാച്ച് മൊഹീന്ദര്‍ അമര്‍നാഥ് ജി ആണെന്ന് നിങ്ങള്‍ക്ക് എത്രപേര്‍ക്ക് അറിയാം? (അറിയില്ലെന്ന് കാണികള്‍ മറുപടി പറയുന്നു). ഇതാണ് ഏറ്റവും വലിയ പ്രശ്‌നം.

ഇതുവരെ 1983 ലോകകപ്പിന്റെ ഒറ്റ ചിത്രം മാത്രമേ എല്ലാവരും കണ്ടിട്ടുള്ളൂ, അത് കപില്‍ ദേവ് ജി കിരീടമുയര്‍ത്തുന്ന ചിത്രമാണ്. മൊഹീന്ദര്‍ അമര്‍നാഥ് ജിയുടെ ചിത്രവും ഇടയ്ക്ക് കാണിക്കൂ,’ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Gautam Gambhir takes a dig on India’s world cup hero

We use cookies to give you the best possible experience. Learn more