| Saturday, 8th December 2018, 11:23 am

വിടവാങ്ങല്‍ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ഗംഭീര്‍; ഗംഭീറിന് അന്ധ്ര താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്റെ അവസാന മത്സരത്തില്‍ സെഞ്ച്വറി നേട്ടവുമായി ഗൗതം ഗംഭീര്‍. രഞ്ജി ട്രോഫിയില്‍ ആന്ധ്രയ്‌ക്കെതിരായ മത്സരത്തിലാണ് ഗംഭീര്‍ 112 റണ്‍സെടുത്തത്. ജന്മനാടായ ദല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയിലയിലാണ് മത്സരം നടക്കുന്നത്.

ഗംഭീറിന്റെ കരിയറിലെ 43ാമത് ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്. 67ാം ഓവറില്‍ മുഹമ്മദ് ഖാന്റെ പന്തില്‍ ഗംഭീര്‍ പുറത്തായിട്ടുണ്ട്.

ഇത് തന്റെ അവസാന മത്സരമായിരിക്കുമെന്ന് ഗംഭീര്‍ പറഞ്ഞിരുന്നു. ഗ്രൗണ്ടില്‍ ഗംഭീറിന് അന്ധ്ര താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗംഭീര്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 15 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് ഗംഭീര്‍ ഫേസ്ബുക്ക് വീഡിയോയിലാണ് അറിയിച്ചത്.

2016 ല്‍ രാജ്കോട്ടില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് ഗംഭീര്‍ അവസാനമായി ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്. 58 ടെസ്റ്റിലും 147 ഏകദിനത്തിലും 37 ടി-20യിലും ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയ ഗംഭീര്‍ 10324 റണ്‍സ് നേടിയിട്ടുണ്ട്. 2012 ലും 2014 ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത നായകന്‍ കൂടിയാണ് ഗംഭീര്‍.

We use cookies to give you the best possible experience. Learn more