| Tuesday, 1st November 2022, 1:35 pm

വിരാടിന് ഇനി അല്‍പം വിശ്രമം, അടുത്ത ടാര്‍ഗെറ്റ് അവന്റെ ബെസ്റ്റ് ഫ്രണ്ട്; 'അത്യാഗ്രഹിയായ' ബാബര്‍ അസമിനെതിരെ ആഞ്ഞടിച്ച് ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതിന് ശേഷമാണ് പാകിസ്ഥാന്‍  ആദ്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യയോടും സിംബാബ്‌വേയോടും അവസാന പന്തില്‍ പരാജയപ്പെട്ട പാകിസ്ഥാന്‍ നെതര്‍ലന്‍ഡ്‌സിനോടായിരുന്നു ആദ്യ വിജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ട ശേഷം സാവധാനം ചെയ്‌സ് ചെയ്തായിരുന്നു പാകിസ്ഥാന്‍ ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കിയത്.

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പാക് നായകന്‍ ബാബര്‍ അസം പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായ ബാബര്‍ രണ്ട്, മൂന്ന് മത്സരങ്ങളില്‍ നാല് റണ്‍സ് വീതം നേടിയാണ് പുറത്തായത്.

നിരന്തരമായ വിമര്‍ശനങ്ങളായിരുന്നു ബാബറിന് കേള്‍ക്കേണ്ടി വന്നിരുന്നത്. മോശം ഫോമും ടൂര്‍ണമെന്റിലെ മോശം ക്യാപ്റ്റന്‍സിയും കാരണം ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും വരെ ആളുകള്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, ബാബറിനെ ‘സെല്‍ഫിഷ്’ എന്ന് വിളിച്ച് വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. റെക്കോഡുകള്‍ നേടാന്‍ വേണ്ടിയാവരുത് കളിക്കുന്നതെന്നും ടീമിന്റെ വിജയമായിരിക്കണം ലക്ഷ്യമെന്നും ഗംഭീര്‍ പറയുന്നു.

‘അത്യാഗ്രഹിയാവരുത്. നിന്നെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് നീ സ്വന്തം ടീമിനെ കുറിച്ച് വേണം ചിന്തിക്കാന്‍. ഒന്നും നടക്കുന്നില്ലെങ്കില്‍ നീ ഫഖര്‍ സമാനൊപ്പം വേണം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരിക്കലും നീ അത്യാഗ്രഹിയാകാന്‍ പാടില്ല.

മുഹമ്മദ് റിസ്വാനൊപ്പം കളിക്കുമ്പോള്‍ റെക്കോഡ് സ്വന്തമാക്കാന്‍ എളുപ്പമാണ്. നിങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് ഒരുപാട് നേടുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും നീ ടീമിനെ കുറിച്ച് വേണം ചിന്തിക്കാന്‍,’ ഗംഭീര്‍ പറയുന്നു.

നേരത്തെ പാക് ഇതിഹാസങ്ങളായ ഷോയ്ബ് അക്തറും വസീം അക്രവും ബാറ്റിങ് ഓര്‍ഡറില്‍ താഴെയിറങ്ങാന്‍ വിസമ്മതിച്ചതിന് പിന്നാലെ ബാബറിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരുന്നു.

നവംബര്‍ മൂന്നിനാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

Content highlight: Gautam Gambhir slams Pak captain Babar Azam

We use cookies to give you the best possible experience. Learn more