ലോകകപ്പില്‍ ഇംഗ്ലണ്ടിന് വീണ്ടും നാണംകെട്ട തോല്‍വി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തങ്ങളുടെ തീരുമാനം അടിമുടി തെറ്റുകയായിരുന്നു. നിലവിലെ ചാമ്പ്യന്‍മാര്‍ ശ്രീലങ്കക്ക് മുന്നില്‍ 33.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. 2023 ലോകകപ്പിലുടനീളം ഇംഗ്ലണ്ട് വളരെ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഇപ്പോള്‍ ജോസ് ബട്ലറിന്റെ നേതൃത്വത്തിലുള്ള ടീമിനെ സ്വാര്‍ത്ഥരെന്ന് വിളിച്ച് വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗഭീര്‍.
‘ഇംഗ്ലണ്ട് ഇപ്പോഴും ലോകകപ്പില്‍ എത്തിയിട്ടില്ല. കളിക്കാര്‍ രാജ്യത്തിന് വേണ്ടികളിക്കാതെ അവരുടെ സ്വാര്‍ത്ഥതക്കും പ്രശസ്തിക്കും വേണ്ടി മാത്രമാണ് കളിക്കുന്നത്. ക്രീസില്‍ തുടരാന്‍ ശ്രമിക്കുന്ന ഒരാളും ടീമിലില്ല.’ഗൗതം ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍സിനോട് പറഞ്ഞു.
ലങ്കയെ നേരിടാന്‍ ഓപ്പണിങ് ഇറങ്ങിയ ജോണി ബേയര്‍സ്റ്റോ 31 പന്തില്‍ 30 റണ്‍സും ഡേവിഡ് മലന്‍ 25 പന്തില്‍ 28 റണ്‍സും എടുത്തെങ്കിലും മികച്ച തുടക്കം നല്‍കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. ശേഷം ബാറ്റിങ്ങിനിറങ്ങിയ ബെന്‍ സ്റ്റോക്സ് 73 പന്തില്‍ 43 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ടീമിനുവേണ്ടി നേടി.
ഇംഗ്ലണ്ട് നിരയിലെ അഞ്ച് കളിക്കാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ലങ്കന്‍ ബൗളിങ് നിരയുടെ മികച്ച പ്രകടനം ചാമ്പ്യന്‍മാരെ വേരോടെ പിഴിതെറിയുകയായിരുന്നു.
ലങ്കക്ക് വേണ്ടി ലാഹിരു കുമാര ഏഴ് ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഏറെ കാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ഏയ്ഞ്ചലോ മാത്യൂസ് അഞ്ച് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 14 റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് നേടിയത്. കാസുന്‍ രജിത ഏഴ് ഓവറില്‍ 36 റണ്‍സ് വിട്ട് കൊടുത്ത് രണ്ട് വിക്കറ്റും നേടി. ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനമാണ് ലങ്കന്‍ ബൗളിങ് നിര കാഴ്ചവെച്ചത്.
കഴിഞ്ഞ മത്സരങ്ങളില്‍ സൗത്ത് ആഫ്രിക്കയോട് 229 റണ്‍സിനും അഫ്ഗാനിസ്ഥാനോട് 69 റണ്‍സിനും ഇംഗ്ലണ്ട് നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇപ്പോള്‍ ലങ്കയോടും എട്ട് വിക്കറ്റിന്റെ നാണംകെട്ട തോല്‍വി വഴങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട്. 25.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സിനാണ് ലങ്ക നിലവിലെ ചാമ്പ്യന്‍മാരെ തൂത്തുവാരിയത്.
Content highlight: Gautam Gambhir slams England