| Tuesday, 1st November 2022, 10:09 am

അവനൊട്ട് തിന്നതുമില്ല, മറ്റാരെക്കൊണ്ടും തീറ്റിച്ചതുമില്ല; ദിനേഷ് കാര്‍ത്തിക്കിനെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ വെറ്ററന്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ദിനേഷ് കാര്‍ത്തിക്കിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ലോകകപ്പിലെ രണ്ടാം മത്സരത്തിലും പരാജയമായതിന് പിന്നാലെയാണ് ഗംഭീര്‍ ദിനേഷ് കാര്‍ത്തിക്കിനെതിരെ രംഗത്തുവന്നത്.

തന്റെ കരിയറിലെ തന്നെ മോശം ഇന്നിങ്‌സായിരുന്നു ദിനേഷ് കാര്‍ത്തിക് പെര്‍ത്തില്‍ പുറത്തെടുത്തത്. ഇന്ത്യ 49ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്ന് നില്‍ക്കുമ്പോഴായിരുന്നു ഡി.കെ ക്രീസിലെത്തുന്നത്.

ടി-20 ഇന്നിങ്‌സില്‍ കളിക്കേണ്ട തരത്തിലുള്ള ഇന്നിങ്‌സായിരുന്നില്ല ദിനേഷ് കാര്‍ത്തിക് പുറത്തെടുത്തത്. 15 പന്തില്‍ നിന്നും കേവലം ആറ് റണ്‍സുമായി 40 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ദിനേഷ് കാര്‍ത്തിക് സ്‌കോര്‍ ചെയ്തത്.

താരത്തിന്റെ ഈ മെല്ലെ പോക്കിന് പിന്നാലെയാണ് രൂക്ഷമായ ഭീഷയിലുള്ള വിമര്‍ശനവുമായി ഗംഭീര്‍ രംഗത്തെത്തിയത്.

ദിനേഷ് കാര്‍ത്തിക്കിന് തന്റെ റോളിനെ കുറിച്ച് ഒരു ധാരണയുമില്ലെന്നും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനോ വമ്പന്‍ ഷോട്ടുകള്‍ക്ക് താരം മുതിര്‍ന്നില്ലെന്നും കാര്‍ത്തിക് ചൂണ്ടിക്കാട്ടുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു പരിപാടിക്കിടെയായിരുന്നു ഗംഭീറിന്റെ വിമര്‍ശനം.

‘ദിനേഷ് കാര്‍ത്തിക്കിന് വലിയൊരു പ്രശ്‌നമുണ്ട്. മിഡില്‍ ഓവറുകളില്‍ എന്താണ് ചെയ്യേണ്ടത് എന്നതിന് കുറിച്ച് ഒരു ധാരണയും കാര്‍ത്തിക്കിനില്ല. കേവലം പത്തോ പന്ത്രണ്ടോ പന്ത് മാത്രം ബാക്കിയുള്ളപ്പോള്‍ അവന്‍ ബൗളര്‍മാരെ പഞ്ഞിക്കിടും. എന്നാല്‍ ഈ മത്സരത്തില്‍ ഏഴോ എട്ടോ ഓവര്‍ തന്നെ ബാക്കിയുള്ളപ്പോഴാണ് എന്ത് ചെയ്യണം എന്ന ബോധം അവനില്ലാതായത്.

അവന്റെ എക്‌സ്പീരിയന്‍സിന്റെ അടിസ്ഥാനത്തില്‍ എപ്പോള്‍ അറ്റാക് ചെയ്യണം, എപ്പോള്‍ ഡിഫന്‍ഡ് ചെയ്ത് കളിക്കണം എന്നെല്ലാം തന്നെ അവന്‍ കണ്ടെത്തണമായിരുന്നു,’ ഗംഭീര്‍ പറയുന്നു.

‘തെറ്റായ സമയത്ത് അവന്‍ ഔട്ടാവുകയും ചെയ്തു. ബാറ്റിങ്ങില്‍ ഒരു ടെമ്പോയും അവന് ഉണ്ടായിരുന്നില്ല. അവന്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ശ്രമിച്ചില്ല, വമ്പന്‍ ഷോട്ടുകള്‍ അടിക്കുകയും ചെയ്തില്ല,’ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മത്സരത്തിനിടെ ദിനേഷ് കാര്‍ത്തിക്കിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശേഷം റിഷബ് പന്തായിരുന്നു കീപ്പറായി എത്തിയിരുന്നത്.

ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നവംബര്‍ രണ്ടിന് അഡ്‌ലെയ്ഡില്‍ നടക്കുന്ന മത്സരത്തില്‍ വിക്കറ്റ് കീപ്പറായി ആരെ പരിഗണിക്കും എന്നതാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Content highlight: Gautam Gambhir slams Dinesh Karthik

We use cookies to give you the best possible experience. Learn more