| Monday, 16th January 2023, 10:35 pm

ഒരു ദയവും കാണിക്കണ്ട, വിരാടിനോട് എങ്ങനെ പെരുമാറിയോ അങ്ങനെ തന്നെയായിരിക്കണം രോഹിത്തിനോടും; ആഞ്ഞടിച്ച് ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫോം ഔട്ടിന്റെ പേരില്‍ നിരന്തരമായ വിമര്‍ശനങ്ങളായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് നേരിടേണ്ടി വന്നിരുന്നത്. ഒരുവേള കടുത്ത വിരാട് ആരാധകര്‍ പോലും തള്ളിപ്പറയും വിധത്തില്‍ വിരാടിന്റെ പ്രകടനം മോശമായിരുന്നു.

ഫോം ഔട്ടില്‍ വലയുമ്പോഴും വിരാടിനെ വേട്ടയാടാന്‍ മുന്‍ താരങ്ങളും ക്രിക്കറ്റ് അനലിസ്റ്റുകളും മത്സരിച്ചിരുന്നു. എന്നാല്‍ ഫോമില്‍ മടങ്ങിയെത്തിയ വിരാട് വിമര്‍ശകരെ കൊണ്ടു പോലും കയ്യടിപ്പിക്കുകയായിരുന്നു.

2023ല്‍ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും സെഞ്ച്വറി നേടിയാണ് വിരാട് ഇന്ത്യയുടെ വിശ്വസ്തനായത്.

ഒരു വശത്ത് വിരാട് ഫോം മടക്കിയെടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും മറുവശത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോം ഇന്ത്യക്ക് തലവേദനയാകുന്നുണ്ട്.

കഴിഞ്ഞ 50 മത്സരങ്ങളില്‍ ഒന്നില്‍ പോലും മൂന്നക്കം കാണാന്‍ സാധിക്കാത്ത താരമെന്ന മോശം റെക്കോഡും ഇതിനോടകം രോഹിത്തിനെ തേടിയെത്തിയിരുന്നു.

ഒരുകാലത്ത് ബൗളര്‍മാരുടെ പേടി സ്വപ്‌നമായ രോഹിത്തിന് നിലവില്‍ തന്റെ താളം കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ രോഹിത്തിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും 2011 ലോകകപ്പ് ഹീറോയുമായ ഗൗതം ഗംഭീര്‍. മോശം ഫോമിന്റെ സമയത്ത് കോഹ്‌ലിയെ എങ്ങനെ വിലയിരുത്തിയോ അതേ രീതിയില്‍ തന്നെ രോഹിത്തിനെയും കാണണമെന്നാണ് ഗംഭീര്‍ പറഞ്ഞത്.

‘വിരാടിന്റെ അതേ സ്ഥാനത്ത് തന്നെ രോഹിത്തിനെയും നമ്മള്‍ വിലയിരുത്തണം. കോഹ്‌ലിയുടെ കാര്യത്തിലേതെന്ന പോലെ കഠിനമായി തന്നെ അവനോടും നമ്മള്‍ പെരുമാറണം. രോഹിത്തിനെ പോലെ ഒരു താരം കഴിഞ്ഞ 50 കളിയില്‍ ഒന്നില്‍ പോലും സെഞ്ച്വറി നേടാത്തത്, ശ്രദ്ധിക്കുക തന്നെ വേണം,’ ഗംഭീര്‍ പറയുന്നു.

ഇന്ത്യ-ശ്രീലങ്ക പരമ്പരയില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ രോഹിത് ശര്‍മ നല്‍കുന്നുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 67 പന്തില്‍ നിന്നും 83 റണ്‍സ് നേടിയ രോഹിത് ഏകദിനത്തില്‍ 9500 റണ്‍സ് എന്ന മാര്‍ക്ക് പിന്നിട്ടിരുന്നു.

എന്നാല്‍ രണ്ടാം മത്സരത്തില്‍ രോഹിത്തിന് ആ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോയിരുന്നു. 21 പന്തില്‍ നിന്നും 17 റണ്‍സാണ് താരം നേടിയത്.

കാര്യവട്ടത്ത് നടന്ന ഡെഡ് റബ്ബര്‍ മാച്ചില്‍ 49 പന്തില്‍ നിന്ന് 42 റണ്‍സും രോഹിത് സ്വന്തമാക്കിയിരുന്നു.

Content Highlight: Gautam Gambhir should treat Rohit Sharma as harshly as Virat Kohli

We use cookies to give you the best possible experience. Learn more