| Sunday, 15th January 2023, 1:58 pm

ഇന്ത്യയുടെ നിഘണ്ടുവില്‍ നിന്നും ആ വാക്ക് എടുത്ത് മാറ്റിയാലേ ടീം രക്ഷപ്പെടൂ; സീനിയര്‍ താരങ്ങളെ ഉന്നം വെച്ച് ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സീനിയര്‍ താരങ്ങള്‍ക്ക് പരമ്പരകളില്‍ നിന്നും വിശ്രമം അനുവദിക്കുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരവും 2011 ലോകകപ്പ് ഹീറോയുമായ ഗൗതം ഗംഭീര്‍. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കിടെ സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കരുതെന്നും ഗംഭീര്‍ പറഞ്ഞു.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഗംഭീറിന്റെ പരാമര്‍ശം.

ഇന്ത്യ-ന്യൂസിലാന്‍ഡ് ടി-20 പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കും വിരാട് കോഹ്‌ലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കിവീസിനെതിരായ ഏകദിന പരമ്പരയില്‍ ഇരുവരും ടീമിനൊപ്പം ചേരും.

ഇരുവരുടെയും ടി-20 കരിയറിന് അവസാനമായെന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. വിരാടിനെയും രോഹിത്തിനെയും ഭാവിയില്‍ ടി-20 മത്സരങ്ങള്‍ക്ക് പരിഗണിക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ടി-20 ഫോര്‍മാറ്റില്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാന്‍ വേണ്ടിയാണ് ഈ നീക്കമെന്നാണ് വിലയിരുത്തുന്നത്.

എന്നാല്‍ രോഹിത്തിനെയും വിരാടിനെയും ടി-20 ഫോര്‍മാറ്റില്‍ നിന്നും പുറത്താക്കാന്‍ ഒരിക്കലും സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ട് മുന്‍ താരങ്ങളും ക്രിക്കറ്റ് അനലിസ്റ്റുകളും രംഗത്ത് വന്നിരുന്നു.

ഇതിനിടെയാണ് താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിനെതിരെ ഗംഭീര്‍ രംഗത്ത് വന്നത്. വിശ്രമം എന്ന വാക്ക് ഇന്ത്യന്‍ ടീമിന്റെ നിഘണ്ടുവില്‍ നിന്ന് എടുത്ത് കളയണമെന്നാണ് ഗംഭീര്‍ പറഞ്ഞത്.

‘വിശ്രമം (റെസ്റ്റ്) എന്ന വാക്ക് ഇന്ത്യന്‍ ടീമിന്റെ നിഘണ്ടുവില്‍ നിന്നും ഒഴിവാക്കണം,’ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഷോയ്ക്കിടെ ഗംഭീര്‍ പറഞ്ഞു.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിന് ശേഷമാണ് ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിന് കളമൊരുങ്ങുന്നത്. മൂന്ന് ഏകദിനവും അത്ര തന്നെ ടി-20യുമാണ് പരമ്പരയിലുള്ളത്. പര്യടനത്തിലെ ഏകദിന പരമ്പരയാണ് ആദ്യം നടക്കുന്നത്.

ജനുവരി 18നാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദി.

ഇന്ത്യ vs ന്യൂസിലാന്‍ഡ് ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്.

ഇന്ത്യ vs ന്യൂസിലാന്‍ഡ് ടി-20 സ്‌ക്വാഡ്

ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ്, ദീപ്ക് ഹൂഡ, രാഹുല്‍ ത്രിപാഠി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാര്‍.

Content highlight: Gautam Gambhir says the word rest should be taken away from Indian cricket’s dictionary

We use cookies to give you the best possible experience. Learn more