നീ ബൗളിങ് ചെയ്താല്‍ മാത്രം പോരാലോ മോനേ ബാറ്റിങ് 'സെറ്റാക്കണം'; സൂപ്പര്‍താരത്തിന് ഉപദേശവുമായി ഗംഭീര്‍
ഏഷ്യാ കപ്പ് വിജയത്തോടെ അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പ് ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. ലോകകപ്പിന് എങ്ങനെ ടീമിനെ ഇറക്കണമെന്നും, എല്ലാവര്‍ക്കും അവരുടെ റോളുകള്‍ എന്താണെന്നും ഈ ഏഷ്യാ കപ്പോടെ ബോധ്യമായിട്ടുണ്ടായിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഓള്‍റൗണ്ടര്‍മാരടക്കം ഏഴ്-അല്ലെങ്കില്‍ എട്ട് ബാറ്റര്‍മാരെയാണ് ഇന്ത്യയടക്കമുള്ള ടീമുകള്‍ ഏകദിനത്തില്‍ നിലവില്‍ കളിപ്പിക്കാറുള്ളത്. ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് അവരുടേതായ റോളുകള്‍ ടീമിലുണ്ടാകാറുണ്ട്. രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ഏഴാം നമ്പര്‍ ബാറ്റര്‍. കഴിഞ്ഞ കുറച്ചുനാളായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ജഡേജ ബാറ്റ് കൊണ്ട് മികവ് പുലര്‍ത്താറില്ല.
വൈറ്റ് ബോള്‍ ക്രിക്കറ്റിലെ താരത്തിന്റെ മോശം ബാറ്റിങ് ഒരുപാട് വിമര്‍ശനങ്ങള്‍ നേടുകൊടുക്കുന്നുണ്ട്. ഏഷ്യാ കപ്പില്‍ ബാറ്റിങ്ങിന് അവസരം കിട്ടിയ മൂന്ന് മത്സരത്തില്‍ 14, ഏഴ്, നാല് എന്നിങ്ങനെയായിരുന്നു ജഡ്ഡുവിന്റെ സ്‌കോര്‍.
ജഡേജയുടെ ബാറ്റില്‍ നിന്നും ഇന്ത്യ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും കാണിക്കുന്ന മികവ് താരം ബാറ്റിങ്ങിലും കാഴ്ചവെക്കണമെന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്ററും ക്രിക്കറ്റ് കമന്റേറ്ററുമായ ഗൗതം ഗംഭീര്‍.
‘ഏത് പിച്ചിലും ഏത് ദിവസവും 10 ഓവര്‍ ബൗള്‍ ചെയ്യാന്‍ ജഡേജക്ക് കഴിയുമെന്ന് ഞങ്ങള്‍ക്കറിയാം. അവന്‍ ഒരു മികച്ച ഫീല്‍ഡറാണ്, എന്നാല്‍ ഏഴാം നമ്പറില്‍ ബാറ്ററായി മികച്ച സംഭാവന നല്‍കേണ്ടിവരും, കാരണം നിങ്ങള്‍ക്ക് ആറ് ബാറ്റര്‍മാരുമായി കളിക്കാന്‍ കഴിയില്ല, ”ഗംഭീര്‍ പറഞ്ഞു.
ഇഷാന്‍ കിഷന്‍ അഞ്ചാം നമ്പറില്‍ കളിച്ചാല്‍ അവിടെയും ചോദ്യചിഹ്നങ്ങളുണ്ട്. അതിനാല്‍ 10 ഓവറില്‍ 80 അല്ലെങ്കില്‍ 90 റണ്‍സ് ആവശ്യമായി വരുന്ന സാഹചര്യം നിങ്ങള്‍ക്കുണ്ടായേക്കാം എന്നതിനാല്‍ രവീന്ദ്ര ജഡേജയ്ക്ക് ബാറ്റിങ്ങിലൂടെ മത്സരങ്ങള്‍ ജയിപ്പിക്കേണ്ടിവരും, കാരണം ക്രീസില്‍ ആറ്, ഏഴ് നമ്പര്‍ ബാറ്റര്‍മാരായിരിക്കുമുണ്ടാകുക,’ ഗംഭീര്‍ പറഞ്ഞു.
ജഡേജക്ക് ബാറ്റിങ് മികവുണ്ടെന്നും എന്നാല്‍ ടോപ് ക്വാളിറ്റി ബൗളിങ്ങിന് മുന്നില്‍ അതുണ്ടോ എന്നത് ചര്‍ച്ചാവിഷയമാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
‘രവീന്ദ്ര ജഡേജയ്ക്ക് കഴിവുണ്ട്, എന്നാല്‍ മികച്ച നിലവാരമുള്ള ബൗളിങ്ങിനെതിരെ അതുണ്ടോ എന്നത് ഇപ്പോഴും ചര്‍ച്ചാവിഷയമാണ്. അദ്ദേഹം സംഭാവന ചെയ്ത രീതി വെച്ച് ഏത് പ്ലെയിംഗ് ഇലവനിലും അദ്ദേഹം അനുയോജ്യനാകുമെന്നതില്‍ സംശയമില്ല, പക്ഷേ ജഡേജ മികച്ച ഹിറ്റിങ് ഫോമില്‍ കാണുകയാണെങ്കില്‍ ഇന്ത്യക്ക് സന്തോഷകരമായ കാര്യമാണത്. മികച്ച ബാറ്റിങ് ഫോമും മികച്ച ഹിറ്റിങ് ഫോമും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
നിങ്ങള്‍ക്ക് ക്രീസില്‍ നില്‍ക്കാം, പാര്‍ട്ണര്‍ഷിപ്പ് സൃഷ്ടിക്കാം. എന്നാല്‍ അവസാന പത്തോവറില്‍ 90 റണ്‍സ് വേണ്ടിയിരിക്കെ അതില്‍ 40 റണ്‍സ് സ്വന്തമാക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് വേണം. അത് ഈ ഏഷ്യാ കപ്പില്‍ ജഡ്ഡുവില്‍ നിന്നും വന്നില്ല,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഗംഭീര്‍ പറഞ്ഞു.
Content Highlight: Gautam Gambhir Says Ravindra Jadeja Needs to show his Ability in Batting