| Wednesday, 29th May 2024, 7:51 pm

കിരീടം നേടിയതുകൊണ്ട് മാത്രമായില്ല, വലിയ ലക്ഷ്യം മുമ്പിലുണ്ട്, അതിനുള്ള യാത്ര ഇതാ ഇവിടെ തുടങ്ങുന്നു: ചെന്നൈക്കും മുംബൈക്കും വെല്ലുവിളിയുമായി ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മെയ് 26ന് ചെപ്പോക്കില്‍ സണ്‍റൈസേഴ്‌സ് ഹൈരാബാദിനെ നിലംപരിശാക്കിക്കൊണ്ടാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്‍ 17ാം സീസണിന്റെ ചാമ്പ്യന്‍മാരായത്. ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്ത ഡോമിനന്‍സ് ഫൈനലിലും പുറത്തെടുത്തപ്പോള്‍ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലാന്‍ഡ് സ്ലൈഡ് വിക്ടറി കൂടിയാണ് പിറവിയെടുത്തത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മൂന്നാം കിരീടമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ കെ.കെ.ആര്‍ നേടിയത്. 2012ല്‍ ഗംഭീറിന് കീഴില്‍ കന്നിക്കിരടം സ്വന്തമാക്കിയ നൈറ്റ് റൈഡേഴ്‌സ് 2014ല്‍ ഒരിക്കല്‍ക്കൂടി കിരീട നേട്ടം ആവര്‍ത്തിച്ചു.

രണ്ടാം കിരീടം നേടിയ ശേഷം പത്താം വര്‍ഷമാണ് പര്‍പ്പിള്‍ ആര്‍മി മൂന്നാം കിരീടം ഈഡന്‍ ഗാര്‍ഡന്‍സിലെത്തിക്കുന്നത്.

ആദ്യ രണ്ട് തവണയും കൊല്‍ക്കത്തയുടെ ക്യാപ്റ്റന്റെ റോളില്‍ ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട ഗംഭീര്‍ മൂന്നാം തവണ മെന്ററുടെ റോളിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നെറുകയിലെത്തിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഐ.പി.എല്ലിലെ ഏറ്റവും സക്‌സസ്ഫുള്‍ ടീമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നും അതിനായി മൂന്ന് കിരീടങ്ങള്‍ കൂടി സ്വന്തമാക്കണമെന്നും ഗംഭീര്‍ പറയുന്നു. സ്‌പോര്‍ട്‌സ്‌കീഡക്ക് നല്‍കിയ അഭിമുഖത്തിലാണ് കൊല്‍ക്കത്തക്കൊപ്പമുള്ള ഭാവി പരിപാടികള്‍ ഗംഭീര്‍ വ്യക്തമാക്കുന്നത്.

‘ഞങ്ങള്‍ മൂന്നാം തവണയും കിരീടം നേടിയിരിക്കുകയാണ്. ഇത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെക്കാളും മുംബൈ ഇന്ത്യന്‍സിനെക്കാളും ഞങ്ങള്‍ക്ക് രണ്ട് കിരീടങ്ങള്‍ കുറവാണ്.

ഐ.പി.എല്ലിലെ ഏറ്റവും മികച്ച ടീമായി മാറാന്‍ ഞങ്ങള്‍ക്കിനിയും മൂന്ന് കിരീടങ്ങള്‍ ആവശ്യമുണ്ട്. ആ നേട്ടത്തിലേക്കുള്ള യാത്ര ഇതിനോടകം തുടങ്ങിക്കഴിഞ്ഞു,’ ഗംഭീര്‍ പറഞ്ഞു.

കൊല്‍ക്കത്തക്കൊപ്പം ഇനിയും കിരീടങ്ങള്‍ സ്വന്തമാക്കണമെന്നാണ് ഗംഭീര്‍ ആഗ്രഹിക്കുന്നത്. അതേസമയം, ഗൗതം ഗംഭീറിനെ ഇന്ത്യന്‍ പുരുഷ ടീമിന്റെ പ്രധാന പരിശീലകനായി ബി.സി.സി.ഐ ചുമതലപ്പെടുത്തിയെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അപെക്‌സ് ബോര്‍ഡ് എല്ലാം തീരുമാനിച്ച് കഴിഞ്ഞിരിക്കുകയാണെന്നും ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളതെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Content highlight: Gautam Gambhir says Kolkata Knight Riders needs 3 more trophies to become the most successful team in IPL

We use cookies to give you the best possible experience. Learn more