| Thursday, 14th December 2023, 2:46 pm

ബാറ്റിങ്ങില്‍ അവനെ ഒരിക്കലും ചോദ്യം ചെയ്യില്ല; പാകിസ്ഥാന്‍ താരത്തക്കുറിച്ച് ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ ഏറ്റവും മികച്ച താരം ബാബര്‍ അസം ആണെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. ബാബര്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുകയാണെങ്കില്‍ അത് പാകിസ്ഥാന്റെ ഏറ്റവും മികച്ച ബാറ്റര്‍ ആയിട്ടാണ് എന്ന് ഗംഭീര്‍ വിശ്വസിക്കുന്നു. ഒരു ബാറ്റര്‍ എന്ന നിലയില്‍ ബാബറിന്റെ കഴിവ് ഒരിക്കലും സംശയിക്കേണ്ടതില്ലെന്നും പാകിസ്ഥാന്‍ നായക സ്ഥാനം ഒഴിഞ്ഞാല്‍ ഒരു ബാറ്റര്‍ എന്ന നിലയില്‍ തീര്‍ച്ചയായും ബാബര്‍ മികച്ച പ്രകടനം നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.

2021ലെ ഐ.സി.സി ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ബാബര്‍ അസം പാകിസ്ഥാന്‍ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍സി രാജി വെച്ചിരുന്നു. തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയപ്പോള്‍ 2023ലെ ലോകകപ്പില്‍ സെമി ഫൈനലിലേക്ക് പോലും മെന്‍ ഇന്‍ ഗ്രീനിന് അവസരം ലഭിച്ചില്ല. ഒമ്പത് മത്സരങ്ങളില്‍ നിന്നും പാക് ക്യാപ്റ്റന്‍ ബാബര്‍ നാല് അര്‍ധ സെഞ്ച്വറികളോടെ 320 റണ്‍സ് ആണ് ലോകകപ്പില്‍ നേടിയത്.

എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത് ഒരു ബാറ്റര്‍ എന്ന നിലയില്‍ ബാബറിന്റെ ലക്ഷ്യത്തെ എങ്ങനെ സഹായിക്കും എന്ന് ചോദിച്ചപ്പോള്‍ ഗംഭീര്‍ മറുപടി പറയുകയായിരുന്നു.

‘ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് കളിക്കാരുടെ വ്യക്തിഗത തെരഞ്ഞെടുപ്പാണ്. ബാബര്‍ അസം ഇപ്പോഴും എനിക്ക് മികച്ച നിലവാരമുള്ള ബാറ്ററാണ്. ബാബറിന്റെ മികച്ച പ്രകടനം ഇനി നമുക്ക് കാണാന്‍ കഴിയും. പാകിസ്ഥാനില്‍ എല്ലാ കുറ്റങ്ങളും അഭിനന്ദനങ്ങളും ക്യാപ്റ്റന് മാത്രമാണ്, ഇന്ത്യയിലും അത് ഒരു പരിധിവരെ സംഭവിക്കുന്നു. പക്ഷേ പാക്കിസ്ഥാനില്‍ സംഭവിക്കുന്നത് പോലെയല്ല,’ഗംഭീര്‍ പറഞ്ഞു.

ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദത്തില്‍ നിന്നും ഒഴിവായാല്‍ ബാബറിന് കൂടുതല്‍ മികച്ച രീതിയില്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ സാധിക്കും. ഇനി കൂടുതല്‍ സമയം ബാബറിന് ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. പാകിസ്ഥാന്റെ ക്രിക്കറ്റ് കരിയറില്‍ ആദ്യ അഞ്ച് സ്ഥാനത്തിനുള്ളില്‍ റാങ്കിങ് സ്വന്തമാക്കുന്ന ഏകതാരമാണ് ബാബര്‍. ടെസ്റ്റ് റാങ്കിങ്ങില്‍ നാലാമതും ഏകദിനത്തില്‍ രണ്ടാമതും ടി-ട്വന്റിയില്‍ നാലാമതുമാണ് താരം.

‘അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്‌തേക്കാം. എന്നാല്‍ ബാബറിന്റെ ബാറ്റിങ് ഒരിക്കലും ചോദ്യം ചെയ്യപ്പെടില്ല. ഇപ്പോള്‍ അദ്ദേഹം ക്യാപ്റ്റന്‍സി ഉപേക്ഷിച്ചിരിക്കുന്നു. ഇനി ബാറ്റിങ്ങിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനും മികച്ച ബാറ്ററായി കരിയര്‍ അവസാനിപ്പിക്കാനും അദ്ദേഹത്തിന് കഴിയും,’ഗംഭീര്‍ അഭിപ്രായപ്പെട്ടു.

നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് പെര്‍റത്തില്‍ കളിക്കുകയാണ് താരം. പ്രൈംമിനിസ്റ്റേഴ്‌സ് ഇലവനില്‍ ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ ബാബര്‍ 40 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ തന്റെ ബാറ്റിങ് മികവ് തിരിച്ചുകൊണ്ടുവരാനാണ് താരം ലക്ഷ്യം ഇടുക. നിലവില്‍ 50 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 3500 റണ്‍സില്‍ അധികം ബാബറിന് നേടാന്‍ സാധിച്ചിട്ടുണ്ട്.

Content Highlight: Gautam Gambhir said Babar Azam is Pakistan’s best batsman

We use cookies to give you the best possible experience. Learn more