| Thursday, 28th December 2023, 7:42 pm

'കൂടുതലൊന്നും പ്രതീക്ഷിക്കരുത്,' ഗംഭീറിന്റെ വാക്കുകള്‍ അച്ചട്ടായി; നിരാശനാക്കി ജെയ്‌സ്വാള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം പുരോഗമിക്കുകയാണ്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നെങ്കിലും അതില്‍ നിന്നും കരകയറാനുള്ള ശ്രമിത്തിലാണ് സന്ദര്‍ശകര്‍.

ആദ്യ ഇന്നിങ്‌സില്‍ 205 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യക്ക് ഒട്ടും പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല രണ്ടാം ഇന്നിങ്‌സിലും ലഭിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായപ്പോള്‍ അഞ്ച് റണ്‍സിനാണ് ജെയ്‌സ്വാള്‍ മടങ്ങിയത്.

ആദ്യ ഇന്നിങ്‌സിലും ജെയ്‌സ്വാളിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. 37 പന്തില്‍ നിന്നും 17 റണ്‍സ് മാത്രമാണ് ജെയ്‌സ്വാളിന് നേടാന്‍ സാധിച്ചത്.

ആരങ്ങേറ്റ ഇന്നിങ്‌സില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ജെയ്‌സ്വാളിന് ഇപ്പോള്‍ പ്രോട്ടിയാസിനെതിരെ അടി തെറ്റിയിരിക്കുകയാണ്.

സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ഇന്നിങ്‌സിലും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ ഈ പരമ്പരക്ക് മുമ്പായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

വെസ്റ്റ് ഇന്‍ഡീസ് പിച്ചില്‍ സ്‌കോര്‍ ചെയ്തതുപോലെ സൗത്ത് ആഫ്രിക്കന്‍ സാഹചര്യങ്ങളില്‍ ജെയ്‌സ്വാളിന് സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കില്ലെന്നും യുവ താരത്തില്‍ നിന്ന് ഇരട്ട സെഞ്ച്വറി പ്രതീക്ഷിക്കരുത് എന്നുമായിരുന്നു ഗംഭീര്‍ പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.

‘ഇത് വളരെ വ്യത്യസ്തമായ ഒരു ചലഞ്ചായിരിക്കും. പേസ് അറ്റാക്കുകളും സാഹചര്യങ്ങളും പാടെ വ്യത്യസ്തമായിരിക്കും. കാരണം അവന്‍ മുമ്പ് കളിച്ചത് വെസ്റ്റ് ഇന്‍ഡീസിലാണ്, അവിടുത്തെ പിച്ചുകളുടെ സാഹചര്യം വേറെ തന്നെയാണ്.

ഇവിടെ മാര്‍കോ യാന്‍സെന്‍, കഗീസോ റബാദ, ലുങ്കി എന്‍ഗിഡി, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ക്കെതിരയാണ് അവന് കളിക്കേണ്ടി വരിക. ഇവിടെ പിച്ച് ബൗണ്‍സിനെ തുണയ്ക്കും,’ ഗംഭീര്‍ പറഞ്ഞു.

‘യശസ്വി ജെയ്സ്വാള്‍ വളരെ മികച്ച താരമാണ്. ഫ്രണ്ട് ഫൂട്ടിലും ബാക് ഫൂട്ടിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന താരമാണ് അവന്‍. എന്നാല്‍ ഇത് വളരെ വ്യത്യസ്തമായ ഒരു വെല്ലുവിളിയായിരിക്കും നല്‍കുക. എക്സ്പീരിയന്‍സുകളിലൂടെ അവന്‍ മികച്ച താരമായി മാറുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

അവനില്‍ നിന്നും ഒരിക്കലും കൂടുതലായി ഒന്നും പ്രതീക്ഷിക്കരുത്. ഒരു യുവതാരം ആദ്യ മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടുമെന്നൊന്നും നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കരുത്,’ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് നാലാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. ശ്രേയസ് അയ്യരിന്റെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനമായി നഷ്ടമായത്. മാര്‍കോ യാന്‍സെനാണ് വിക്കറ്റ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ശുഭ്മന്‍ ഗില്ലിനെയും യാന്‍സെന്‍ പുറത്താക്കിയിരുന്നു.

നിലവില്‍ 20 ഓവര്‍ പിന്നിടുമ്പോള്‍ 82ന് നാല് എന്ന നിലയിലാണ് ഇന്ത്യ. 38 പന്തില്‍ 34 റണ്‍സുമായി വിരാട് കോഹ്‌ലിയും ഏഴ് പന്തില്‍ നാല് റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

Content Highlight:  Gautam Gambhir’s words about Yashaswi Jaiswal are being discussed again

We use cookies to give you the best possible experience. Learn more