| Tuesday, 11th April 2023, 7:37 pm

ജയിക്കുന്നത് വരെ മിണ്ടാതിരുന്ന്, ജയിച്ച ശേഷം ആര്‍.സി.ബിയെ തെറി വിളിച്ച്, ആരാധകരോട് ഷട്ട് അപ് പറഞ്ഞ ഗംഭീര്‍ വിരാടിനെ കെട്ടിപ്പിടിക്കുന്നു; വൈറലായി ചിത്രങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരം ക്രിക്കറ്റ് ആരാധകര്‍ ഒരുപോലെ നെഞ്ചേറ്റിയിരുന്നു. ഐ.പി.എല്ലിലെ അവസാന ഓവറിലെ ഡ്രാമക്ക് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഒറ്റ വിക്കറ്റിന് പരാജപ്പെടുത്തിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആരാധകരെ ഞെട്ടിച്ചത്.

അവസാന ഓവറിലെ ട്വിസ്റ്റുകളും പാഴായിപ്പോയ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ റണ്‍ ഔട്ട് ശ്രമവുമെല്ലാം മത്സരത്തിന്റെ ആവേശം ഉയര്‍ത്തിയിരുന്നു. മത്സരത്തിലെ വിജയത്തിന് പിന്നാലെ ലഖ്‌നൗ താരങ്ങളുടെ ആഘോഷങ്ങള്‍ക്കൊപ്പം മെന്ററായ ഗൗതം ഗംഭീറിന്റെ ‘പ്രകടനങ്ങളും’ ചര്‍ച്ചയായിരുന്നു.

മത്സരം ജയിക്കുന്നത് വരെ ഒരക്ഷരം മിണ്ടാതിരുന്ന ഗംഭീര്‍ വിജയത്തിന് പിന്നാലെ ഒന്നാകെ ആവേശം കൊണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു. ആര്‍ത്തട്ടഹസിച്ചും ക്രൗഡിനോട് ഷട്ട് അപ്പ് പറഞ്ഞുമുള്ള ഗംഭീര്‍ ഷോയായിരുന്നു ചിന്നസ്വാമിയില്‍ കണ്ടത്.

മത്സരശേഷം ഗംഭീറും വിരാട് കോഹ്‌ലിയും പരസ്പരം കാണുകയും ചെയ്തിരുന്നു. വിരാട് കോഹ്‌ലിയുടെ സ്ഥിരവിമര്‍ശകനായ ഗംഭീറുമൊത്തുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഭരിക്കുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. വിരാടിനെ കെട്ടിപ്പിടിച്ചും വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് വൈറലാവുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വിരാട് കോഹ്‌ലിയുടെയും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന്റെയും സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് സ്വന്തമാക്കിയിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. കൈല്‍ മയേഴ്‌സിനെയും ദീപക് ഹൂഡയെയും ക്രുണാല്‍ പാണ്ഡ്യയെയും പെട്ടെന്ന് നഷ്ടപ്പെട്ട എല്‍.എസ്.ജി ഒരുവേള തോല്‍ക്കുമെന്ന് തോന്നിച്ചെങ്കിലും മാര്‍ക്കസ് സ്‌റ്റോയിന്‍സിന്റെയും നിക്കോളാസ് പൂരന്റെയും ആയുഷ് ബദോനിയുടെയും ഇന്നിങ്‌സ് ലഖ്‌നൗവിന് വിജയം നേടിക്കൊടുക്കുകയായിരുന്നു.

Content Highlight: Gautam Gambhir’s picture with Virat Kohli goes viral

Latest Stories

We use cookies to give you the best possible experience. Learn more