| Sunday, 23rd June 2024, 9:26 pm

'ഗംഭീര്‍ പരിശീലകനായാല്‍ സഞ്ജു ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യം'; ഗൗതം ഗംഭീറിന്റെ പഴയ പ്രസ്താവന വീണ്ടും ചര്‍ച്ചയാകുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

വിവാദ പ്രസ്താവനകളിലൂടെ തലക്കെട്ടുകളില്‍ ഇടം നേടിയിരുന്ന മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തേക്കുമെന്ന നിലയിലാണ് ഇപ്പോള്‍ തലക്കെട്ടുകളുടെ ഭാഗമാകുന്നത്. ഗംഭീര്‍ തന്നെയായിരിക്കും ഇന്ത്യയുടെ അടുത്ത പരിശീലകന്‍ എന്നാണ് മിക്ക റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്.

പരിശീലക സ്ഥാനത്തേക്ക് മറ്റു ചില പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ഗംഭീറിനെ തന്നെ ബി.സി.സി.ഐ നിര്‍ണായക സ്ഥാനമേല്‍പിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

താന്‍ പരിശീലകനായാല്‍ ടീമില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങളെ കുറിച്ചുള്ള സൂചനകള്‍ ഗംഭീര്‍ നേരത്തെ നല്‍കിയിരുന്നു. വൈറ്റ് ബോള്‍ ഫോര്‍മാറ്റിനും റെഡ് ബോള്‍ ഫോര്‍മാറ്റിനുമായി രണ്ട് ടീമുകളെ തന്നെ ഒരുക്കാനാണ് ഗംഭീര്‍ ഒരുങ്ങതെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. യുവതാരങ്ങള്‍ക്ക് താരം കൂടുതല്‍ അവസരങ്ങളും നല്‍കിയേക്കും.\

ഗംഭീര്‍ പരിശീലകസ്ഥാനത്തെത്തിയാല്‍ സഞ്ജു സാംസണ് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇക്കഴിഞ്ഞ ഐ.പി.എല്ലിനിടെ ഇന്ത്യന്‍ ടീം സഞ്ജുവിനെ പിന്തുണയ്ക്കുന്നില്ല എന്ന ഗംഭീറിന്റെ വാക്കുകളാണ് ഇതിന് കാരണവും.

കരിയറിന്റെ തുടക്കത്തില്‍ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും ഇന്ത്യ നല്‍കിയ പിന്തുണ സഞ്ജു സാംസണും ലഭിക്കുമെന്നാണ് താന്‍ കരുതുന്നത് എന്നാണ് ഗംഭീര്‍ പറഞ്ഞത്.

ക്രിക്കറ്റ് ഫീവറിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ സഞ്ജുവിനെ പിന്തുണയ്‌ക്കേണ്ടതിനെ കുറിച്ച് സംസാരിച്ചത്.

‘സഞ്ജു ഇന്ത്യക്കായി കളിക്കുന്നില്ലെങ്കില്‍ അത് സഞ്ജുവിന്റെയല്ല, ഇന്ത്യയുടെ നഷ്ടമാണ്. കരിയറിന്റെ തുടക്കത്തില്‍ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും ഇന്ത്യ നല്‍കിയ പിന്തുണ സഞ്ജു സാംസണും ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

ഭാവിയില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്ററാകാന്‍ കഴിവുള്ള ഒരു താരത്തെ ആവശ്യത്തിന് പിന്തുണ നല്‍കാതെ നമ്മള്‍ പാഴാക്കി കളയുകയാണ്,’ ഗംഭീര്‍ പറഞ്ഞു.

ഇക്കാലമത്രെയും ഇന്ത്യ സഞ്ജുവിന് വേണ്ട പിന്തുണ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി-20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഇടം നേടിയിട്ടും സഞ്ജുവിന് ഇതുവരെ ഒറ്റ മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ സാധിച്ചിട്ടില്ല. പല സൂപ്പര്‍ താരങ്ങളും ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ തുടര്‍പരാജയമായിട്ടും പരാജയപ്പെട്ട കോംബിനേഷനില്‍ തന്നെ ഉറച്ച് നില്‍ക്കാനാണ് രാഹുല്‍ ദ്രാവിഡ് താത്പര്യപ്പെടുന്നത്.

ദ്രാവിഡിന് ശേഷം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനാവുകയാണെങ്കില്‍ സഞ്ജുവിന് അര്‍ഹിച്ച അവസരങ്ങളും പിന്തുണയും ലഭിക്കുമെന്നും താരം ടീമിലെ സ്ഥിരം സാന്നിധ്യമാകുമെന്നുമാണ് ആരാധകര്‍ പറയുന്നത്.

Also Read: അഭയാര്‍ത്ഥിയായിരിക്കവെ സഹതാരങ്ങള്‍ പോലും തീവ്രവാദിയെന്ന് മുദ്രകുത്തിയവന്‍ ഇന്ന് ഓസീസിനെ മുട്ടുകുത്തിച്ചിരിക്കുന്നു; നേടാനുള്ളത് നേടിയെടുക്കുന്ന അഫ്ഗാന്‍ പോരാട്ടവീര്യം

Also Read: ഇങ്ങനെയൊന്ന് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ രണ്ടാം തവണ; ചരിത്ര നിമിഷവുമായി ശ്രേയങ്കയുടെ പന്തുകൾ

Also Read: ആ മുന്‍ പാക് താരത്തെപ്പോലെയാണ് അവന്‍ ബോള്‍ എറിയുന്നത്; ഇന്ത്യന്‍ സ്റ്റാര്‍ ബൗളറെക്കുറിച്ച് അമ്പാട്ടി റായിഡു

Content Highlight: Gautam Gambhir’s old statements about Sanju Samson are being discussed again

We use cookies to give you the best possible experience. Learn more