'സഞ്ജു ഇന്ത്യക്കായി കളിക്കുന്നില്ലെങ്കില്‍ അത് സഞ്ജുവിന്റെയല്ല, ഇന്ത്യയുടെ നഷ്ടമാണ്'; വല്ലതും ഓര്‍മയുണ്ടോ ഗംഭീറേ!
Sports News
'സഞ്ജു ഇന്ത്യക്കായി കളിക്കുന്നില്ലെങ്കില്‍ അത് സഞ്ജുവിന്റെയല്ല, ഇന്ത്യയുടെ നഷ്ടമാണ്'; വല്ലതും ഓര്‍മയുണ്ടോ ഗംഭീറേ!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th July 2024, 3:02 pm

കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. മൂന്ന് ഏകദിനവും അത്ര തന്നെ ടി-20യുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ടി-20 പരമ്പരയാണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

സൂര്യകുമാര്‍ യാദവാണ് ടി-20യില്‍ ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശര്‍മയാണ് ഏകദിന ടീമിന്റെ നായകന്‍.

ഇന്ത്യ-സിംബാബ്‌വേ പര്യടനത്തില്‍ തിളങ്ങിയ അഭിഷേക് ശര്‍മക്ക് ടി-20 സ്‌ക്വാഡില്‍ ഇടം ലഭിക്കാതെ പോയതും വെറും ഒറ്റ ഏകദിനം കളിച്ച ശിവം ദുബെയും ഇതുവരെ ഏകദിനം കളിച്ചിട്ടില്ലാത്ത റിയാന്‍ പരാഗും ഏകദിന സ്‌ക്വാഡിന്റെ ഭാഗമായതുമെല്ലാമാണ് സ്‌ക്വാഡിലെ വിശേഷങ്ങള്‍.

സൂപ്പര്‍ താരം സഞ്ജു സാംസണോട് അപെക്സ് ബോര്‍ഡ് കാണിക്കുന്ന അനീതിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവം. ഏകദിനത്തില്‍ 56 ശരാശരിയും 99.60 സ്ട്രൈക്ക് റേറ്റുമുള്ള സഞ്ജുവിനെ പുറത്തിരുത്തിയാണ് ബി.സി.സി.ഐ ഇത്തവണയും ഏകദിന ടീം ഒരുക്കിയിരിക്കുന്നത്.

സഞ്ജുവിനെ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പഴയ വാക്കുകള്‍ വീണ്ടും ചര്‍ച്ചയിലേക്കുയരുകയാണ്. കരിയറിന്റെ തുടക്കത്തില്‍ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും ഇന്ത്യ നല്‍കിയ പിന്തുണ സഞ്ജു സാംസണും ലഭിക്കണമെന്നാണ് താന്‍ കരുതുന്നത് എന്ന ഇന്ത്യന്‍ കോച്ചിന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ക്രിക്കറ്റ് ഫീവറിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ സഞ്ജുവിനെ പിന്തുണയ്ക്കേണ്ടതിനെ കുറിച്ച് സംസാരിച്ചത്.

‘സഞ്ജു ഇന്ത്യക്കായി കളിക്കുന്നില്ലെങ്കില്‍ അത് സഞ്ജുവിന്റെയല്ല, ഇന്ത്യയുടെ നഷ്ടമാണ്. കരിയറിന്റെ തുടക്കത്തില്‍ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും ഇന്ത്യ നല്‍കിയ പിന്തുണ സഞ്ജു സാംസണും ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

ഭാവിയില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്ററാകാന്‍ കഴിവുള്ള ഒരു താരത്തെ ആവശ്യത്തിന് പിന്തുണ നല്‍കാതെ നമ്മള്‍ പാഴാക്കി കളയുകയാണ്,’ ഗംഭീര്‍ പറഞ്ഞു.

ഇക്കാലമത്രെയും ഇന്ത്യ സഞ്ജുവിന് വേണ്ട പിന്തുണ നല്‍കിയിട്ടില്ലെന്നും അദ്ദേഹം .പറഞ്ഞിരുന്നു. നിലവിലെ ഇന്ത്യന്‍ കോച്ചിന്റെ ഈ വാക്കുകളാണ് വീണ്ടും ചര്‍ച്ചയിലേക്കുയരുന്നത്.

ദ്രാവിഡ് പരിശീലകനായപ്പോള്‍ സഞ്ജുവിന് പിന്തുണച്ച് സംസാരിച്ച ഗംഭീര്‍ താന്‍ പരിശാലകനായപ്പോള്‍ എന്തുകൊണ്ട് സഞ്ജുവിനെ പരിഗണിക്കുന്നില്ല എന്നും നേരത്തെ പറഞ്ഞ കാര്യങ്ങള്‍ വല്ലതും ഓര്‍മയുണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നു.

 

ജൂലൈ 27നാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ പരമ്പര നടക്കുന്നത്. പല്ലേക്കലെയാണ് വേദി.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ടി-20 പരമ്പര

ആദ്യ മത്സരം: ജൂലൈ 27, ശനി – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

രണ്ടാം മത്സരം: ജൂലൈ 28, ഞായര്‍ – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

അവസാന മത്സരം: ജൂലൈ 30, ചൊവ്വ – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ഏകദിന പരമ്പര

ആദ്യ മത്സരം: ഓഗസ്റ്റ് 2, വെള്ളി – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

രണ്ടാം മത്സരം: ഓഗസ്റ്റ് 4, ഞായര്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

അവസാന മത്സരം: ഓഗസ്റ്റ് 7, ബുധന്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

 

ടി-20 സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്.

ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ, ശിവം ദുബെ.

 

Content Highlight: Gautam Gambhir’s old statement about Sanju Samson resurface