സൂപ്പര്‍ 12ലെ അവസാന മത്സരത്തിലും വിജയിച്ച് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് ഇന്ത്യ രാജകീയമായി സെമിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
നവംബര്‍ പത്തിന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് വണ്ണിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്.
സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ മിന്നും ഫോമിനെ കുറിച്ചാണ് താരം പറയുന്നത്.
ലോകകപ്പിലെ മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടാന്‍ സൂര്യകുമാര്‍ യാദവ് എന്തുകൊണ്ടും അര്‍ഹനാണെന്നും അഥവാ ഇന്ത്യക്ക് ലോകകപ്പ് നേടാന്‍ സാധിച്ചില്ലെങ്കില്‍ പോലും ടൂര്‍ണമെന്റില്‍ അവനുണ്ടാക്കിയ ഇംപാക്ട് കാരണം തന്റെ മനസിലെ മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് സ്‌കൈ തന്നെയാണെന്നും ഗംഭീര്‍ പറയുന്നു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു പരിപാടിക്കിടെയാണ് ഗംഭീര്‍ സൂര്യകുമാറിനെ പുകഴ്ത്തി രംഗത്തുവന്നത്.
‘നമ്മള്‍ അവനെ കുറിച്ച് ധാരാളം സംസാരിച്ചിട്ടുണ്ട്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവരെല്ലാം ഓര്‍ത്തഡോക്‌സായ താരങ്ങളാണ്. എന്നാല്‍ സൂര്യകുമാര്‍ അങ്ങനെയല്ല.
ഇന്ത്യക്ക് ഇത്തരത്തിലുള്ള താരങ്ങളെ, പ്രത്യേകിച്ച് നാലാം നമ്പറില്‍ ഇതുവരെ ലഭിച്ചിട്ടില്ല,’ ഗംഭീര്‍ പറയുന്നു.
‘അവന്‍ മൂന്ന് അര്‍ധ സെഞ്ച്വറിയടക്കം 200ലധികം റണ്‍സ് നേടിയിട്ടുണ്ട്. എന്നെ സംബന്ധിച്ച് ടൂര്‍ണമെന്റിലെ താരം അവന്‍ തന്നെയാണ്.
കാരണം ഇന്ത്യ ലോകകപ്പ് നേടിയില്ലെങ്കില്‍ കൂടിയും അവന്‍ ടൂര്‍ണമെന്റില്‍ ഉണ്ടാക്കിയ ഇംപാക്ട് അത്രത്തോളം വലുതാണ്,’ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
മികച്ച പ്രകടനമാണ് സൂര്യകുമാര്‍ യാദവ് ലോകകപ്പില്‍ പുറത്തെടുത്തിരിക്കുന്നത്. സിംബാബ്‌വേക്കെതിരായ മത്സരത്തില്‍ കളിയിലെ താരമായ സൂര്യകുമാര്‍ തന്നെയാണ് ഇന്ത്യയുടെ രക്ഷകനായത്.
25 പന്തില്‍ നിന്നും 61 റണ്‍സാണ് താരം സ്വന്തമാക്കിയത്. സൂര്യകുമാറിന്റെയും രാഹുലിന്റെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ 186 എന്ന സ്‌കോറിലെത്തിയത്.
കഴിഞ്ഞ ദിവസം നേടിയ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും സൂര്യകുമാറിനായി.
അഞ്ച് ഇന്നിങ്‌സില്‍ നിന്നും 75 ശരാശരിയിലും 193.96 സ്‌ട്രൈക്ക് റേറ്റിലും 225 റണ്‍സാണ് സ്‌കൈ നേടിയത്. ഒന്നാമതുള്ള വിരാട് കോഹ്‌ലിക്ക് 246 റണ്‍സാണുള്ളത്.