സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്ന് ഏകദിന മത്സരങ്ങളില്‍ ഡിസംബര്‍ 21ന് നടന്ന അവസാന മത്സരത്തിലും വിജയം കണ്ടതോടെ ഇന്ത്യ പരമ്പര ജേതാക്കള്‍ ആവുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങിയ ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് ആണ് ടീമിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടീയാസ് 45.5 ഓവറില്‍ 218 റണ്‍സിന് ഓള്‍ ഔട്ടായി സ്വന്തം തട്ടകത്തില്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സഞ്ജു സാംസണിന്റെ നിര്‍ണായകമായ പ്രകടനത്തിലാണ് ടീം ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിച്ചത്. 114 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്സറുകളുമടക്കമാണ് സഞ്ജു 108 റണ്‍സ് നേടി ടീമിന്റെ പവര്‍ ഹൗസ് ആയത്. തന്റെ അന്താരാഷ്ട്ര ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറി ആണ് സഞ്ജു നിര്‍ണായക മത്സരത്തില്‍ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തില്‍ വെറും 12 റണ്‍സിന് പുറത്തായ സഞ്ജുവിന് ലഭിച്ച നിര്‍ണായക അവസരത്തില്‍ തീപാറുന്ന പ്രകടനമാണ് താരത്തിന് കാഴ്ചവെക്കാന്‍ സാധിച്ചത്. സഞ്ജുവിന്റെ ഈ മിന്നും പ്രകടനത്തില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ പ്രശംസനയുമായി രംഗത്തുവന്നിരിക്കുകയാണ്. സഞ്ജുവിന്റെ ഈ പ്രകടനം അന്താരാഷ്ട്ര കരിയറില്‍ തന്നെ മുന്നോട്ടു നയിക്കും എന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.
‘അദ്ദേഹത്തിന് മികച്ച കഴിവുണ്ട്. അത് അദ്ദേഹത്തിന്റെ ഐ.പി.എല്‍ പ്രകടനങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഇന്നത്തെ സെഞ്ച്വറി അദ്ദേഹത്തിന് തീര്‍ച്ചയായും മുന്നോട്ട് നയിക്കും. അദ്ദേഹത്തിന്റെ ഈ സെഞ്ച്വറി സെലക്ടര്‍മാരില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. ഇനി കാര്യങ്ങള്‍ എങ്ങനെയൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. ടി-ട്വന്റി ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയം കൂടിയാണ് ഇപ്പോള്‍,’ഗൗതം ഗംഭീര്‍ പറഞ്ഞു.
മത്സരത്തില്‍ 16 പന്തില്‍ 22 റണ്‍സ് നേടിയ ഓപ്പണര്‍ രജത് പാട്ടിദാറിനെ നാന്ദ്രെ ബര്‍ഗര്‍ പുറത്താക്കിയപ്പോള്‍ 16 പന്തില്‍ 10 റണ്‍സ് നേടിയ സായി സുദര്‍ശനെ ബ്യൂറന്‍ ഹെട്രിക്‌സും പുറത്താക്കി. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ 35 പന്തില്‍ നിന്നും 21 റണ്‍സ് ആണ് നേടിയത്. വിയാന്‍ മുള്‍ഡറിന്റെ പന്തിലായിരുന്നു രാഹുല്‍ പുറത്തായത്. തുടര്‍ന്ന് നിര്‍ണായകമായ അവസാന മത്സരത്തില്‍ സ്‌കോര്‍ ഉയര്‍ത്തുന്നതിനായി സഞ്ജു ഇന്ത്യയുടെ നെടുന്തൂണ്‍ ആവുകയായിരുന്നു. 94.74 എന്ന സ്ട്രൈക്ക് റേറ്റില്‍ മികച്ച രീതിയില്‍ കോണ്‍സ്റ്റന്‍ഡ് ആയാണ് സഞ്ജു തന്റെ അന്താരാഷ്ട്ര ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്.
മധ്യ നിരയില്‍ തിലക് വര്‍മ 77 പന്തില്‍ ഒരു സിക്സറും അഞ്ച് ബൗണ്ടറിയും അടക്കം 52 റണ്‍സ് നേടി മികച്ച കൂട്ടുകെട്ടാണ് സഞ്ജുവിന് നല്‍കിയത്. നിര്‍ണായകമായ മത്സരത്തില്‍ ഇരുവരുടേയും ഇന്നിങ്സാണ് ഇന്ത്യന്‍ സ്‌കോറിങ് മിഷ്യന്‍ ഓണ്‍ ആക്കിയത്. തുടര്‍ന്ന് 43ാം ഓവറിന്റെ മൂന്നാം പന്തില്‍ ലിസാഡ് വില്ല്യംസ് എറിഞ്ഞ പന്തില്‍ കളിച്ച സഞ്ജു റീസാ ഹെന്‍ട്രിക്സിന് ക്യാച്ച് നല്‍കിയാണ് തന്റെ ഇന്നിങ്സ് അവസാനിച്ചത്.