ക്രിക്കറ്റ് ലോകത്ത് തങ്ങളുടേതായ ഐഡന്‍ഡിറ്റി സൃഷ്ടിക്കുന്ന അഫ്ഗാനിസ്ഥാന് വലിയൊരു സമ്മാനമാണ് ചെപ്പോക്ക് സമ്മാനിച്ചത്. തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഐതിഹാസികമായ നേട്ടമാണ് അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.
ഏകദിന ഫോര്‍മാറ്റില്‍ അയല്‍ക്കാരും മുന്‍ ലോകചാമ്പ്യന്‍മാരുമായ പാകിസ്ഥാനെ ആദ്യമായി പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാന്‍ ചരിത്രം കുറിച്ചത്. ആ വിജയം പിറന്നതാകട്ടെ ക്രിക്കറ്റ് മാമാങ്കമായ ലോകകപ്പിലും.
അഫ്ഗാനിന്റെ ഈ ചരിത്ര വിജയത്തിന് പിന്നാലെ ഹഷ്മത്തുള്ള ഷാഹിദിയെയും സംഘത്തെയും അഭിനന്ദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ ലോകകപ്പ് ഹീറോയുമായ ഗൗതം ഗംഭീര്‍.
വരും വര്‍ഷങ്ങളില്‍ അഫ്ഗാന്‍ ക്രിക്കറ്റ് ലോകത്ത് വന്‍ കുതിപ്പുണ്ടാക്കുമെന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രണ്ടാമത് വലിയ ക്രിക്കറ്റ് ശക്തിയായി വളരുമെന്നുമാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്.
‘വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇന്ത്യക്ക് ശേഷം രണ്ടാമത് വലിയ ശക്തിയായി മാറാന്‍ അഫ്ഗാനിസ്ഥാന് സാധിക്കും. ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നീ ടീമുകളേക്കാള്‍ എത്രയോ മുന്‍പന്തിയിലായിരിക്കും അഫ്ഗാനിസ്ഥാന്റെ സ്ഥാനം. അവര്‍ക്കുള്ള കഴിവുറ്റ താരങ്ങളെ വെച്ചുനോക്കുകയാണെങ്കില്‍ ഭാവിയില്‍ അഫ്ഗാനിസ്ഥാന്‍ മികച്ച പ്രകടനം കാഴ്ചവെക്കും,’ ഗംഭീര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും അബ്ദുള്ള ഷഫീഖിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടി.