Advertisement
icc world cup
പാകിസ്ഥാന് ലഭിച്ച അനുഗ്രഹം, അവനെ പുകഴ്ത്താന്‍ എനിക്ക് വാക്കുകള്‍ പോരാതെ വരുന്നു: ഗൗതം ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 27, 03:12 pm
Friday, 27th October 2023, 8:42 pm

പാകിസ്ഥാന്‍ യുവതാരം അബ്ദുള്ള ഷഫീഖിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഗൗതം ഗംഭീര്‍. ലോകകപ്പില്‍ പാകിസ്ഥാന് വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് ഗംഭീര്‍ താരത്തെ പുകഴ്ത്തിയത്.

അബ്ദുള്ള ഷഫീഖിനെ പുകഴ്ത്താന്‍ തനിക്ക് വാക്കുകള്‍ പോരാതെ വരികയാണെന്നും ഷഫീഖ് പാകിസ്ഥാന്റെ ഭാവിയാണെന്നും ഗംഭീര്‍ പറഞ്ഞു.

 

‘അവനൊരു ത്രീ ഫോര്‍മാറ്റ് പ്ലെയറാണ്. ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലുമിറങ്ങി ഷോട്ടുകള്‍ കളിക്കാന്‍ അവന്‍ മിടുക്കനാണ്. അബ്ദുള്ളക്ക് മികച്ച പ്രകടനം നടത്താനുള്ള സമയം അവന് മുമ്പിലുണ്ട്. സമീപഭാവിയില്‍ അവന്‍ പാകിസ്ഥാന്റെ മികച്ച ബാറ്ററായി വളര്‍ന്നുവരുമെന്ന് ഉറപ്പാണ്.

അവനെ പുകഴത്താന്‍ എന്റെ പക്കല്‍ വാക്കുകളില്ല. ഏറെ കാലത്തിന് ശേഷം ഇതുപോലെ മികച്ച ഒരു ബാറ്ററെ ലഭിച്ചതില്‍ പാകിസ്ഥാന്‍ അനുഗ്രീതരാണ്,’ ഗംഭീര്‍ പറഞ്ഞു.

ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് അബ്ദുള്ള ഷഫീഖ് ആദ്യമായി കളത്തിലിറങ്ങിയത്. മത്സരത്തില്‍ താരം സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 103 പന്തില്‍ നിന്നും 113 റണ്‍സാണ് താരം നേടിയത്.

ഈ സെഞ്ച്വറി നേട്ടത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ പാക് താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.

ഇതിന് പുറമെ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ ആദ്യ പാക് താരം എന്ന റെക്കോഡും ഇതോടെ പാക് ഓപ്പണറുടെ പേരിലായി.

ഇതിന് പുറമെ ഓസ്‌ട്രേലിയക്കെതിരെയും അഫ്ഗാനിസ്ഥാനതിരെയും ഷഫീഖ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അര്‍ധ സെഞ്ച്വറി നേടിയാണ് രണ്ട് മത്സരങ്ങളിലും ഷഫീഖ് ടീം ടോട്ടലില്‍ നിര്‍ണായകമായത്.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ 61 പന്തില്‍ 64 റണ്‍സ് നേടിയപ്പോള്‍ 75 പന്തില്‍ നിന്നും 58 റണ്‍സാണ് അഫ്ഗാനെതിരെ താരം നേടിയത്. ഈ രണ്ട് മത്സരത്തിലും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നെങ്കിലും ഷഫീഖിന്റെ മികച്ച പ്രകടനം ചര്‍ച്ചയായിരുന്നു.

2023 ലോകകപ്പില്‍ ഇതുവരെ അഞ്ച് മത്സരം കളിച്ച അബ്ദുള്ള ഷഫീഖ് 264 റണ്‍സാണ് തന്റെ പേരില്‍ കുറിച്ചത്.

 

Content Highlight: Gautam Gambhir praises Abdullah Shafique