| Monday, 12th September 2022, 1:59 pm

പാകിസ്ഥാനെ തോല്‍പിച്ച് ലങ്ക; ശ്രീലങ്കന്‍ ദേശീയ പതാകയുമായി ഗ്രൗണ്ടിലിറങ്ങി ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന ഏഷ്യാ കപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പിച്ചുകൊണ്ട് ശ്രീലങ്ക തങ്ങളുടെ ആറാം കിരീടം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക 170 റണ്‍സ് സ്വന്തമാക്കുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ എതിരാളികളെ ഒന്നൊഴിയാതെ എറിഞ്ഞിടുകയുമായിരുന്നു.

ലങ്കയുടെ മുന്‍നിര ബാറ്റര്‍മാര്‍ പതറിയ മത്സരത്തില്‍ ഭാനുക രജപക്‌സെയായിരുന്നു ശ്രീലങ്കന്‍ ഇന്നിങ്‌സിനെ കൈപിടിച്ചുനടത്തിയത്. ഒരുഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 58 റണ്‍സ് എന്ന നിലയില്‍ കൂപ്പുകുത്തിയ ലങ്കയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത് രജപക്സെയായിരുന്നു.

45 പന്തില്‍ നിന്നും ആറ് ഫോറും മൂന്ന് സിക്സറും സഹിതം 71 റണ്‍സാണ് രജപക്സെ സ്വന്തമാക്കിയത്. മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ വാനിന്ദു ഹസരങ്കയെ കൂട്ടുപിടിച്ച് ആറാം വിക്കറ്റിലും കരുണരത്നയെ കൂട്ടുപിടിച്ച് ഏഴാം വിക്കറ്റിലും റണ്‍സ് ഉയര്‍ത്തി.

രജപക്സെ അടിത്തറയിട്ട പാര്‍ട്ണര്‍ഷിപ്പില്‍, ആറാം വിക്കറ്റില്‍ നേടിയ 58 റണ്‍സും ഏഴാം വിക്കറ്റില്‍ ചേര്‍ത്ത 54 റണ്‍സുമാണ് ലങ്കന്‍ വിജയത്തിന് നിദാനമായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ 20 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് ലങ്ക വിജയം പിടിച്ചടക്കിയത്.

ശ്രീലങ്കയുടെ വിജയത്തിന് ശേഷം മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. മത്സര ശേഷം ശ്രീലങ്കന്‍ ആരാധകര്‍ക്ക് മുന്നില്‍ ശ്രീലങ്കയുടെ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലാവുന്നത്.

ഗംഭീര്‍ ആ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.

‘സൂപ്പര്‍ സ്റ്റാര്‍ ടീം… ശരിക്കും നിങ്ങളിത് അര്‍ഹിക്കുന്നു. ശ്രീലങ്കക്ക് അഭിനന്ദനങ്ങള്‍’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.

ഗംഭീര്‍ ലങ്കന്‍ ദേശീയ പതാകയുമായി നില്‍ക്കുമ്പോള്‍ ശ്രീലങ്കന്‍ ആരാധകര്‍ ആര്‍പ്പുവിളിക്കുന്നതും വീഡിയോയിലുണ്ട്. ദി അള്‍ട്ടിമേറ്റ് ഷോ ഓഫ് റെസ്‌പെക്ട് എന്നാണ് ആരാധകര്‍ ഗംഭീറിന്റെ ഈ പ്രവര്‍ത്തിയെ കുറിച്ച് പറയുന്നത്.

ഫൈനല്‍ മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയാണ് ലങ്ക മത്സരം പിടിച്ചടക്കിയത്. ബാറ്റിങ്ങില്‍ രജപക്‌സെക്കൊപ്പം കരുത്തായ ഹസരങ്കയും കരുണരത്‌നയും ബൗളിങ്ങിലും കത്തിക്കയറിയിരുന്നു.

ബൗളിങ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ച പ്രമോദ് മധുഷാനൊപ്പം ഇരുവരും പാക് ബാറ്റര്‍മാരെ എറിഞ്ഞിട്ടു. മധുശങ്ക നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹസരങ്ക മൂന്നും കരുണരത്‌ന രണ്ടും വിക്കറ്റ് സ്വന്തമാക്കി.

ബാറ്റിങ് കരുത്തില്‍ ലങ്കയെ കരകയറ്റിയ ഭാനുക രജപക്‌സെയാണ് ഫൈനലിലെ താരം. ഏഷ്യാ കപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഹസരങ്ക ടൂര്‍ണമെന്റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

Content highlight:  Gautam Gambhir Poses With Sri Lanka’s Flag After Sri Lanka Wins Asia Cup

We use cookies to give you the best possible experience. Learn more