|

അവന്‍ നേട്ടങ്ങളൊന്നും എളുപ്പം സ്വന്തമാക്കിയതല്ല: ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു യുവ ഇന്ത്യന്‍ ബാറ്റര്‍ എന്ന നിലയില്‍ കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും മികച്ച പ്രകടനമാണ് റിങ്കു സിങ് കാഴ്ചവെക്കുന്നത്.

ഡിസംബര്‍ 12ന് സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യയുടെ രണ്ടാം ടി- ട്വന്റി മത്സരത്തില്‍ മധ്യ നിരയില്‍ ഇറങ്ങിയ റിങ്കു സിങ് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. 39 പന്തില്‍ നിന്ന് രണ്ട് സിക്സറുകളും ഒമ്പത് ബൗണ്ടറികളും അടക്കം 68 റണ്‍സാണ് റിങ്കു അടിച്ചെടുത്തത്. സൂര്യകുമാറിന് ശേഷം ടീമിനെ സമ്മര്‍ദത്തില്‍ ആക്കാതെ മികച്ച രീതിയിലാണ് റിങ്കു ഇന്ത്യയെ ഉയര്‍ന്ന സ്‌കോറില്‍ എത്തിച്ചത്. റിങ്കുവിന്റെ പ്രകടനങ്ങളെ വിലയിരുത്തുകയാണ് ഗൗതം ഗംഭീര്‍.

വര്‍ഷങ്ങളോളം ആഭ്യന്തര ക്രിക്കറ്റില്‍ കഠിനാധ്വാനം ചെയ്തു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ എത്തിയ താരമാണ് റിങ്കു. അവിടെനിന്നും റിങ്കുവിന്റെ വളര്‍ച്ചയില്‍ രാജ്യം മുഴുവനും സന്തോഷിക്കുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു.

‘ഒരുപാട് കഠിനാധ്വാനത്തിനുശേഷം ക്രിക്കറ്റില്‍ വന്നപ്പോള്‍ ഓരോ ഘട്ടത്തിലും നിങ്ങള്‍ മികച്ച പ്രകടനം നടത്തി. ബാറ്റില്‍ പന്തു കൊള്ളിക്കുന്ന ഓരോ നിമിഷവും നിങ്ങള്‍ വലിയ വില കൊടുക്കുന്നു. അപ്പോള്‍ നിങ്ങളുടെ ആദ്യ ഇന്നിങ്‌സ് പോലെ ഓരോ ഇന്നിങ്‌സും കളിക്കാന്‍ കഴിയുന്നു. നിങ്ങള്‍ ഒന്നും നിസ്സാരമായിട്ടല്ല കാണുന്നത്,’ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

‘അദ്ദേഹത്തിന് എന്ത് നേട്ടം ലഭിച്ചാലും അതിന് അദ്ദേഹം അര്‍ഹനാണ്. കാരണം അദ്ദേഹം ഒന്നും എളുപ്പം സ്വന്തമാക്കിയതല്ല. അവന്‍ നന്നായി അധ്വാനിച്ചിട്ടുണ്ട്. മാത്രമല്ല അതില്‍ രാജ്യം മുഴുവന്‍ സന്തോഷിക്കുന്നു,’ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ 2024ലില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായി ജോയിന്‍ ചെയ്തിട്ടുണ്ട്. ഗംഭീറുമായി പ്രവര്‍ത്തിക്കാന്‍ റിങ്കുവിന് സാധിക്കും. കൊല്‍ക്കത്തയ്ക്കുവേണ്ടി മികച്ച പ്രകടനമാണ് റിങ്കു കാഴ്ചവച്ചത്.

ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ എത്തിയ റിങ്കു 2023 ലോകകപ്പിന് ശേഷമുള്ള ഓസ്‌ട്രേലിയക്കെതിരായ ടി-ട്വന്റി മത്സരത്തില്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ പരമ്പരവിജയത്തിന് നിര്‍ണായകപങ്കാണ് റിങ്കു വഹിച്ചത്.

Content Highlight: Gautam Gambhir on Rinku Singh’s performance.

Latest Stories