ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ മികച്ച ക്യാപ്റ്റന്‍മാരായിരുന്നു എം.എസ് ധോണിയും രോഹിത് ശര്‍മയും. അവര്‍ക്കൊപ്പം തന്നെ കഴിവ് തെളിയിക്കപ്പെട്ട നായകനാണ് ഗൗതം ഗംഭീര്‍.
2012ലും 2014ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്കെത്തിച്ച ഗംഭീര്‍ ഐ.പി.എല്ലില്‍ മികച്ച റെക്കോഡുള്ള നായകന്മാരിലൊരാളാണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പല നായകന്‍മാരും ഭയന്ന ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ തന്റെ പേടി സ്വപ്‌നമായിരുന്ന നായകന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഗംഭീര്‍.
അത് വിരാടോ ധോണിയോ അല്ല രോഹിത് ശര്‍മ ആയിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്.
‘കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ചിരുന്നപ്പോള്‍ എന്റെ ഉറക്കം കെടുത്തിയ ഏക നായകന്‍ രോഹിത് ശര്‍മയാണ്. മറ്റൊരു നായകന്മാര്‍ക്കെതിരേയും ഞാന്‍ പദ്ധതികള്‍ തയ്യാറക്കുകയോ അധികം ചിന്തിക്കുകയോ ചെയ്യാറില്ല,’ ഗംഭീര്‍ പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിന്റെ നായകനായി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കെത്തിയ താരമാണ് രോഹിത്. മുംബൈയെ അഞ്ച് തവണ കിരീടം ചൂടിക്കാന്‍ രോഹിത്തിനായി. ഐ.പി.എല്‍ നായകന്മാരില്‍ കൂടുതല്‍ കിരീടം നേടിയ നായകനും രോഹിത് ശര്‍മയാണ്.
കഴിഞ്ഞ സീസണുകളില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയുടെ നിലവാരം താഴേക്ക് പോയിട്ടുണ്ടെങ്കിലും 2021ല്‍ 1000 റണ്‍സ് തികച്ച ഏക താരം രോഹിത് ശര്‍മയാണ്.
അതേസമയം, 2007ല്‍ ഇന്ത്യ ടി-20 ലോകകപ്പ് നേടിയപ്പോഴും 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോഴും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളുമായി ഇന്ത്യയുടെ നട്ടെല്ലായി മാറാന്‍ ഗംഭീറിന് സാധിച്ചിരുന്നു.
എന്നാല്‍ അര്‍ഹിച്ച അംഗീകാരം തനിക്ക് ലഭിക്കാത്തതിനെതിരായ അതൃപ്തി പല തവണ അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്.
Content Highlights: Gautam Gambhir names star Indian batter who gave him sleepless nights as KKR captain