| Sunday, 16th June 2019, 11:17 pm

തെരഞ്ഞെടുപ്പ് കഴിഞ്ഞു; ലോകകപ്പ് മത്സരം ബഹിഷ്‌ക്കരിക്കണമെന്ന് പറഞ്ഞ ഗംഭീര്‍ കമന്ററി പറയാനെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

രണ്ട് പോയന്റ് നഷ്ടമായാലും കുഴപ്പമില്ല, ഇന്ത്യ ലോകകപ്പില്‍ പാകിസ്താനോട് കളിക്കരുതെന്ന് പറഞ്ഞ ബി.ജെ.പി എം.പിയും മുന്‍ കളിക്കാരനുമായ ഗൗതം ഗംഭീര്‍ പാകിസ്താനുമായുള്ള കളിയുടെ കമന്ററി പറയാനെത്തി.

നാലു ദിവസത്തേക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സിന് വേണ്ടി കമന്ററി പറയാന്‍ പോവുകയാണെന്നും പക്ഷെ തന്റെ എം.പി ഓഫീസ് പ്രവര്‍ത്തിക്കുമെന്നും ട്വീറ്റ് ചെയ്താണ് ഗംഭീര്‍ കമന്ററി പറയാന്‍ എത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പണത്തിന് വേണ്ടി ഗംഭീര്‍ തന്റെ പ്രസ്താവന മറുന്നുവെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

‘ഈ മത്സരം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ നോക്കൗട്ട് റൗണ്ടിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന് ആരാധകര്‍ പിന്തുണ നല്‍കണം. ഇതിന്റെ പേരില്‍ ആരും ടീമിനെ കുറ്റപ്പെടുത്തരുത്. രാജ്യം മുഴുവന്‍ ടീമിന് പിന്നില്‍ അണിനിരക്കണം. ലോകകപ്പ് മാത്രമല്ല, ഏഷ്യാ കപ്പും ഇന്ത്യ ബഹിഷ്‌കരിക്കണം.

ചില ഘട്ടങ്ങളില്‍ കളിയ്ക്ക് മുകളില്‍ രാഷ്ട്രീയത്തെ കാണേണ്ട സാഹചര്യമുണ്ടാകും. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരോടുള്ള സ്നേഹത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല. പാകിസ്താനെതിരേ നിബന്ധനകളോടെയുള്ള ബഹിഷ്‌കരണമല്ല വേണ്ടത്, നമ്മള്‍ പാകിസ്താനെതിരേ കളിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കണം.’ തുടങ്ങിയ കാര്യങ്ങളായിരുന്നു ഗംഭീര്‍ പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more