ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരി ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ആയിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വക്കില്‍ മിന്നും പ്രകടനമാണ് താരങ്ങള്‍ പരമ്പരയിലുടനീളം കാഴ്ചവെച്ചത്. ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യ നേടുന്ന ആദ്യ പരമ്പരയെന്ന പ്രത്യേകതയും ഉണ്ട്.
ടി-20 പരമ്പരയില്‍ ഐതിഹാസികമായ വിജയം സ്വന്തമാക്കിയതോടെ ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഏകദിന പരമ്പരയാണ്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍ നടക്കുക. ഇതിന് മുന്നോടിയായി ഇന്ത്യന്‍ പരിശീലകന്‍ താരങ്ങള്‍ക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ഏകദിന ഫോര്‍മാറ്റിന്റെ ഭാഗമാകാത്ത താരങ്ങള്‍ക്ക് വലിയ ഇടവേള ഉണ്ടാകുമെന്നും എന്നാല്‍ അവര്‍ക്ക് ബംഗ്ലാദേശുമായുള്ള പര്യടനത്തില്‍ തിരിച്ചെത്തണമെങ്കില്‍ സ്‌കില്ലും ഫിറ്റ്‌നെസും കാര്യമായി ശ്രദ്ധിക്കണമെന്നാണ് ഗംഭീര്‍ പറഞ്ഞത്.
’50 ഓവര്‍ ഫോര്‍മാറ്റിന്റെ ഭാഗമാകാത്ത താരങ്ങള്‍ക്ക് വലിയ ഒരു ഇടവേള ഉണ്ടാകും, അതുകൊണ്ട് ബംഗ്ലാദേശിനെതിരായ സീരീസില്‍ നിങ്ങള്‍ തിരിച്ചെത്താനും ശ്രദ്ധിക്കണം. അതിന് നിങ്ങളുടെ ഫിറ്റ്‌നെസും സ്‌കില്ലും ഉയര്‍ന്ന നിലവാരമുണ്ടെന്നതും ഉറപ്പ് വരുത്തണം. നിങ്ങള്‍ക്ക് തിരിച്ചുവരാന്‍ ആഗ്രഹമില്ലെങ്കില്‍ കുഴപ്പമില്ല, ഞാന്‍ ടീമുമായി മുന്നോട്ട് പോകും. അതുകൊണ്ട് ഫിറ്റ്‌നെസ് ലെവല്‍ ശരിയായ രീതിയില്‍ ശ്രദ്ധിക്കുക,’ ഗംഭീര്‍ പറഞ്ഞു.
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി-20യില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഒടുവില്‍ സൂപ്പര്‍ ഓവര്‍ വിധിയെഴുതിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചൂള്ളൂ.
ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ആദ്യ പന്തില്‍ തന്നെ അനായാസമായി വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇന്ത്യ സൂപ്പര്‍ ഓവറില്‍ എത്തിയത്.
Content Highlight: Gautam Gambhir gives a stern warning to Indian players