| Thursday, 3rd June 2021, 4:47 pm

കൊവിഡ് മരുന്ന് പൂഴ്ത്തിവെപ്പ്; ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ കുറ്റക്കാരെന്ന് ഡി.സി.ജി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് മരുന്നായ ഫാബിഫ്‌ളൂ അനധികൃതമായി കൈവശം വെച്ചുവെന്നും പൂഴ്ത്തിവെപ്പ് നടത്തിയെന്നുമുള്ള പരാതിയില്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ കുറ്റക്കാരാണെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. ഫൗണ്ടേഷനും മരുന്ന് ഡീലര്‍മാര്‍ക്കുമെതിരെ ഉടന്‍ നടപടി എടുക്കുമെന്ന് ഡി.സി.ജി.ഐ ദല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ട് കോടതി തള്ളിയതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഡ്രഗ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍.എ പ്രവീണ്‍ കുമാറും കുറ്റക്കാരനാണെന്ന് ഡി.സി.ജി.ഐ കോടതിയെ അറിയിച്ചു.

ഗൗതം ഗംഭീര്‍ ഫൗണ്ടേഷനും പ്രവീണ്‍ കുമാറിനും ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ശക്തമായി എതിര്‍ത്ത കോടതി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡി.സി.ജി.ഐ യോട് ആവശ്യപ്പെടുകയായിരുന്നു.

വ്യാഴാഴ്ചയാണ് കേസ് സംബന്ധിച്ച പുരോഗതി വിലയിരുത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.സി.ജി.ഐയോട് കോടതി നിര്‍ദേശിച്ചത്. ജൂലൈ 29ന് കോടതി ഇതില്‍ വാദം കേള്‍ക്കും.

എം.പി ഓഫീസില്‍ നിന്നും കിഴക്കന്‍ ദല്‍ഹി നിവാസികള്‍ക്ക് സൗജന്യമായി ഫാബിഫ്‌ളൂ നല്‍കുന്നുണ്ടെന്നും ആധാര്‍ കാര്‍ഡും ഡോക്ടറുടെ കുറിപ്പുമായെത്തി വാങ്ങാമെന്നുമായിരുന്നു ഗംഭീര്‍ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ ഗംഭീറിനും ബി.ജെ.പിയ്ക്കുമെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

‘ഒരു വിതരണക്കാരനില്‍ നിന്ന് നൂറ് സ്ട്രിപ്പ് മരുന്ന് വാങ്ങി സൗജന്യമായി നല്‍കുന്നതാണോ പൂഴ്ത്തിവെപ്പ്? ഞാന്‍ വാങ്ങുന്ന കുറച്ച് സ്ട്രിപ്പ് മരുന്നാണോ ഇവിടെ ഫാബിഫ്ളൂവിന് ക്ഷാമം നേരിടാന്‍ കാരണമാകുന്നത്? ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് ചിലപ്പോള്‍ നിങ്ങള്‍ പറഞ്ഞേക്കും. പക്ഷേ, ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഞാന്‍ ഇത് ചെയ്യും,’ എന്നായിരുന്നു ഗംഭീര്‍ പിന്നീട് മറുപടി പറഞ്ഞത്.

കൊവിഡ് ചികിത്സക്കായി നല്‍കുന്ന ആന്റി വൈറല്‍ മരുന്നായ ഫാബിഫ്‌ളു അമിതമായി വാങ്ങി ശേഖരിച്ചതിനെ കുറിച്ച് ഗൗതം ഗംഭീറില്‍നിന്ന് ഡല്‍ഹി പൊലീസും വിശദീകരണം തേടിയിരുന്നു. ഗൗതം ഗംഭീറിന്റെ ഓഫിസില്‍ നിന്ന് ധാരാളമായി ഫാബിഫ്‌ളു വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് സംഭവത്തില്‍ ഇടപെട്ടത്.

എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയായിരുന്നു. കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ രാഷ്ട്രീയക്കാര്‍ക്ക് എങ്ങനെ ശേഖരിക്കാന്‍ കഴിയുമെന്നും രോഗികള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും കടുത്ത ക്ഷാമം നേരിടുമ്പോള്‍ അവ വിതരണം ചെയ്യാമെന്നും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു പൊതുതാല്‍പര്യ ഹരജിയിലാണ് ഗംഭീറിനെതിരെ കോടതി നടപടികള്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Gautam Gambhir Foundation found guilty of hoarding Covid drug, Delhi HC informed

We use cookies to give you the best possible experience. Learn more