മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ 40-ാം ജന്മദിനമാണിന്ന്. ക്രിക്കറ്റ് താരങ്ങളും ആരാധകരും ധോണിയ്ക്ക് ആശംസയര്‍പ്പിച്ചപ്പോള്‍ 2011 ലോകകപ്പിലെ സ്വന്തം ചിത്രമാണ് മുന്‍താരം ഗൗതം ഗംഭീര്‍ പങ്കുവെച്ചത്. ഇതിപ്പോള്‍ താരത്തിന് വിനയായിരിക്കുകയാണ്.
ഗംഭീറിന്റെ ചിത്രത്തിന് താഴെ ധോണിയോട് അസൂയയാണെന്ന തരത്തില്‍ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. ലോകകപ്പ് ഫൈനലില്‍ 97 റണ്‍സെടുത്ത ഗംഭീര്‍ ആയിരുന്നു ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.
എന്നാല്‍, 91 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുകയും സിക്‌സറടിച്ച് ഇന്ത്യയെ വിജയിപ്പിക്കുകയും ചെയ്ത ധോണിയുടെ പ്രകടനത്തിനു മുന്നില്‍ ഗംഭീറിന്റെ ഇന്നിംഗ്‌സ് മുങ്ങിപ്പോയിരുന്നു.
തന്റെ ഫേസ്ബുക്ക് പേജിലെ കവര്‍ ഫോട്ടോ ആയാണ് ഗംഭീര്‍ ചിത്രം പങ്കുവച്ചത്. ഫൈനലില്‍ ബാറ്റ് ചെയ്യുന്നതിനിടെയുള്ള ഒരു ചിത്രം ആദ്യം പങ്കുവച്ച ഗംഭീര്‍ കമന്റ് ബോക്‌സിലെ പൊങ്കാലകള്‍ക്ക് ശേഷം ചിത്രം ഡിലീറ്റ് ചെയ്തു.
ലോകകപ്പ് ഫൈനലില്‍ 122 പന്തില്‍ 97 റണ്‍സ് നേടിയ ഗംഭീറിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. എന്നാല്‍ പലപ്പോഴും ഇന്ത്യയുടെ കിരീട നേട്ടത്തില്‍ ചര്‍ച്ചയാകാറുള്ളത് വിജയറണ്ണിലേക്കെത്തിയ ധോണിയുടെ സിക്‌സര്‍ ആണ്.
ഇതിലുള്ള അമര്‍ഷം ഗംഭീര്‍ നേരത്തെ തന്നെ പങ്കുവെച്ചിട്ടുണ്ട്. ആ ഒരൊറ്റ സിക്‌സല്ല ടീമിനെ ലോക കിരീടത്തിലേക്ക് എത്തിച്ചതെന്ന് ഗംഭീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫൈനലില്‍ ശ്രീലങ്ക മുന്നോട്ടുവച്ച 275 റണ്‍സ് എന്ന വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നാണ് ഇന്ത്യ രണ്ടാം ഏകദിന ലോകകപ്പ് നേടിയത്. ധോണി 91 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു.